rto
ഓപ്പറേഷൻ സേഫ് പദ്ധതി വാളയാറിൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് ദേശീയപാതയിൽ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷൻ സേഫ് പദ്ധതി ആരംഭിച്ചു. വാളയാർ- വടക്കഞ്ചേരി പാതയിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ട്രാഫിക് എൻഫോഴ്‌സ്മെന്റ്, ഹൈവേ പൊലീസ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ക്യൂബ് ഹൈവേയ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.

ദിനംപ്രതി 15000ൽ അധികം വാഹനങ്ങളാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. കേരളത്തിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിൽ അന്യസംസ്ഥാന വാഹനങ്ങൾ പ്രധാനമായും തിരഞ്ഞെടുക്കുന്നത് ഈ പാതയാണ്. 2020ൽ 145 അപകടങ്ങളിലായി 31 മരണവും നൂറോളം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പദ്ധതി ഉദ്ഘാടനം വാളയാറിൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് നിർവഹിച്ചു. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി.എ.സഹദേവൻ അദ്ധ്യക്ഷനായി. ആർ.ടി.ഒ പി.ശിവകുമാർ മുഖ്യാതിഥിയായി. എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ സജ്ജയ് കുമാർ, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.എസ്.മുത്തുകുമാർ, എം.വി.ഐ അനിൽകുമാർ സംസാരിച്ചു.

ലൈൻ ട്രാഫിക് നിരീക്ഷിക്കും


54 കി.മീ വരുന്ന പാതയിൽ പ്രധാനമായും വാഹനങ്ങൾ ലൈൻ ട്രാഫിക്​ പൂർണ്ണമായും പാലിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കുക. വാളയാർ ടോൾപ്ലാസ, ചന്ദ്രനഗർ, കുഴൽമന്ദം, ആലത്തൂർ ഭാഗങ്ങളിൽ ഇതുസംബന്ധിച്ച് ലഘുലേഖ വിതരണവും ഡ്രൈവർമാർക്ക് നിർദേശവും നൽകുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ സ്ക്വാഡ് ഇന്നുമുതൽ ശക്തമായ പരിശോധന നടത്തും.

-വി.എ.സഹദേവൻ,​ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.