അഗളി: സാമൂഹിക ക്ഷേമത്തിലൂന്നിയ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ടൗൺ ഹാളിൽ നടന്ന 'സാന്ത്വനസ്പർശം" പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവർഷത്തിനിടെ അട്ടപ്പാടിയിൽ മികച്ച വികസനമാണ് സർക്കാർ നടപ്പാക്കിയത്. മേഖലയിലെ 600 ആദിവാസി കുടുംബങ്ങൾക്ക് കൈവശവകാശ രേഖ നൽകി. നിലവിൽ 527 കുടുംബങ്ങൾക്ക് രേഖ നൽകുന്നതിന് നടപടി സ്വീകരിച്ചു.
അംബേദ്കർ ഗ്രാമവികസനത്തിന് ഒരു കോടി വീതം ആറ് കോളനികളിൽ വിനിയോഗിക്കും. പട്ടികവർഗ വിഭാഗത്തിലെ 25 ഉദ്യോഗാർത്ഥികൾക്ക് പൊലീസിൽ നിയമനം നൽകി. ജലജീവൻ മിഷൻ പദ്ധതിയിൽ 3000 സൗജന്യ കുടിവെള്ള പെപ്പ് ലൈൻ കണക്ഷൻ നൽകി. ബ്ളോക്കിലെ അങ്കണവാടി, സ്കൂൾ എന്നിവിടങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പത്തുപേർക്ക് ബി.പി.എൽ റേഷൻ കാർഡും പത്തുകുടുംബങ്ങൾക്ക് വനഭൂമി പട്ടയവും വിതരണം ചെയ്തു. മന്ത്രി വി.എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. എൻ.ഷംസുദ്ദീൻ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് മരുതി മുരുകൻ, ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക്, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, നോഡൽ ഓഫീസർ സൗരവ് ജെയ്ൻ, എ.ഡി.എം എൻ.എം.മെഹറലി, ഡെപ്യൂട്ടി കലക്ടർമാരായ വി.കെ.രമ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പട്ടിണിയില്ലാത്ത ജീവിതം ഉറപ്പാക്കും: മന്ത്രി വി.എസ് സുനിൽകുമാർ
താഴെതട്ടിലുള്ള ഓരോ കുടുംബത്തിനും പട്ടിണി കൂടാതെ ജീവിക്കുന്നതിന് വേണ്ട സൗകര്യവും വരുമാനത്തിനനുസൃതമായി ക്ഷേമം ഉറപ്പാക്കിയുമുള്ള വികസനമാണ് സർക്കാർ നയമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. വിദ്യാഭ്യാസം, ചികിത്സാ സൗകര്യം തുടങ്ങിയവ പൂർത്തീകരിക്കുന്നതോടെ മാത്രമേ വികസനം പൂർണ്ണമാവൂ. അർഹർക്ക് നിയമപരമായ അവകാശം നൽകുകയാണ് അദാലത്തിന്റെ ലക്ഷ്യം. അട്ടപ്പാടിയുടെ പ്രത്യേകത പരിഗണിച്ചാണ് താലൂക്കിലെ അദാലത്ത് അഗളിയിൽ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.