puli

അലനല്ലൂർ: ഒരിടവേളയ്ക്ക് ശേഷം എടത്തനാട്ടുകര, കാപ്പുപറമ്പ് മലയോര മേഖലയിൽ വീണ്ടും വന്യജീവിയുടെ ആക്രമണം. ഉപ്പുകുളം കിളിയപാടത്ത് മേയാൻവിട്ട കന്നുകാലിയെയും കാപ്പുപറമ്പിൽ കൃഷിയിടത്തിലെ ഷെഡിൽ നിന്ന് വളർത്തു നായയെയും വന്യജീവി പിടിച്ച് കൊന്നു ഭക്ഷിച്ചു.

കിളയപ്പാടത്തെ വെള്ളേങ്ങര സലാം കപ്പി ഭാഗത്ത് മേയാൻ വിട്ട കാലികളിൽ ഒന്നിനെ ഞായറാഴ്ച മുതലാണ് കാണാതായത്. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം പാണ്ടനടി ഭാഗത്ത് വനമേഖലയിൽ അവശിഷ്ടം കണ്ടെത്തി. തലയും കൈകാലുകളും ഒഴികെ മുഴുവൻ ശരീര ഭാഗവും തിന്ന നിലയിലാണ്.

150 കിലോ ഭാരം വരുന്ന കാലിയെയാണ് നഷ്ടപ്പെട്ടത്. കാപ്പുപറമ്പിലെ പരിയാരൻ സുലുവിന്റെ വളർത്തു നായയെയും സമാന രീതിയിൽ തല ഒഴികെയുള്ള ഭാഗങ്ങളെല്ലാം തിന്ന നിലയിൽ ബുധനാഴ്ചയാണ് കൃഷിയിടത്തിൽ കണ്ടെത്തിയത്. വളർത്തു മൃഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവി ആക്രമണമുണ്ടായത് പ്രദേശവാസികളെ ഭീതിയിലാക്കി.