
കിഴക്കഞ്ചേരി: വേങ്ങശ്ശേരിയിൽ വില്പനയ്ക്ക് കൊണ്ടുവന്ന രണ്ടുകിലോ കഞ്ചാവുമായി പുളിമ്പറമ്പ് സ്വദേശികളായ സതീഷ് (30), കുന്നപിള്ളിൽ ഡിവൈൻ ബേസിൽ (28) എന്നിവരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം.
റോഡരികിൽ നിറുത്തിയിരുന്ന കാർ പൊലീസ് വാഹനം കണ്ട് പെട്ടെന്ന് എടുത്തുപോകാൻ തുടങ്ങിയതിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ പിൻസീറ്റിൽ ഭാഗത്ത് കവറിലാക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ദിണ്ടിക്കലിൽ നിന്ന് വില്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.