
പാലക്കാട്: ട്രെയിൻ തട്ടിയുള്ള അപകട മരണം കുറയ്ക്കുന്നതിനായി ബോധവൽക്കരണവുമായി റെയിൽവേ. ലോക്ക്ഡൗൺ കാലയളവിൽ പാസഞ്ചർ സർവീസ് നിറുത്തിവെച്ചിട്ടും 2020ൽ പാലക്കാട് ഡിവിഷനിൽ ട്രെയിൻ തട്ടി മരിച്ചത് 151 പേരാണ്.
ദിവസവും ട്രെയിൻ ഓടിയിരുന്ന മുൻ വർഷങ്ങളിലെ കണക്കിന് സമാനമാണിത്. 2018ൽ 276ഉം 2019ൽ 320ഉം മരണം സംഭവിച്ചു. ഈ സാഹചര്യത്തിലാണ് ആളുകൾ അനധികൃതമായി ട്രാക്കിൽ കയറുന്നതിനെതിരെ റെയിൽവേ ബോധവത്ക്കരണം ശക്തമാക്കുന്നത്.
പോത്തന്നൂർ മുതൽ മംഗളൂരു വരെ നീളുന്ന ഡിവിഷനിൽ ഏറ്റവും കൂടുതൽ ട്രെയിൻ തട്ടി മരണം സംഭവിച്ചത് പാലക്കാട്- പോത്തനൂർ പരിധിയിലെ കടുക്കാംകുന്നം-അകത്തേത്തറ യാർഡിലാണ്. 2018-20 കാലത്ത് 12 മരണമാണ് ഇവിടെയുണ്ടായത്.
മങ്കര, പട്ടാമ്പി സ്റ്റേഷൻ പരിസരത്തും അപകടം കൂടുതലാണ്. രണ്ടു വർഷത്തിനിടെ മങ്കരയിൽ പത്തുപേരും പെരുമുടിയൂരിനും പട്ടാമ്പിക്കുമിടയിൽ ആറുപേരുമാണ് മരിച്ചത്. ഈ മൂന്ന് സ്ഥലങ്ങൾക്ക് പുറമേ സ്ഥിരം അപകടമുണ്ടാകുന്ന അമ്പതോളം സ്ഥലങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്.
ബോധവൽക്കരണത്തിന്റെ ഭാഗമായി ആളുകൾ പാളം കുറുകെ കടക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.
അശ്രദ്ധയും സെൽഫിയും വില്ലൻ
റെയിൽവേ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിലൂടെയല്ലാതെ അശ്രദ്ധമായി ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കമ്പോഴാണ് ഭൂരിഭാഗം അപകടങ്ങളും.
മൊബൈലിൽ സംസാരിച്ച് പാളത്തിലൂടെ നടക്കുന്നതും സെൽഫിയെടുക്കുന്നതും അപകടം ക്ഷണിച്ച് വരുത്തുന്നു.
കേസും ശിക്ഷയും
ട്രാക്കിൽ അനധികൃതമായി കടക്കുന്നവർക്കെതിരെ ആർ.പി.എഫ് കേസെടുക്കും. 2018ൽ 980 കേസുകളിലായി 1.32ഉം 2019ൽ 3787 കേസിൽ നിന്ന് 7.99ഉം 2020ൽ 993 കേസിൽ 2.4 ലക്ഷവും പിഴയീടാക്കി. അനുവാദമില്ലാതെ ട്രാക്കിൽ പ്രവേശിക്കുന്നത് ആറുമാസം തടവും 1000 രൂപ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.
ശ്രദ്ധിക്കാൻ...
100 കി.മീ ആണ് ഡിവിഷനിൽ മിക്കയിടത്തും ട്രെയിനിന്റെ ശരാശരി വേഗം. ട്രാക്ക് കുറുകെ കടക്കമ്പോൾ ഇത്രയും വേഗത്തിൽ വരുന്ന ട്രെയിനും മുന്നിലുള്ള ട്രാക്കും ഒരുപോലെ ശ്രദ്ധിക്കാൻ കഴിയാതെ വരുമ്പോഴാണ് അപകടമുണ്ടാകുന്നത്.