
പാലക്കാട്: ഇടത് - വലത് മുന്നണികൾ സംസ്ഥാനത്ത് മതതീവ്രവാദികളെ കയറൂരി വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾ ഇക്കൂട്ടരെ രഹസ്യമായും പരസ്യമായും പിന്തുണയ്‌ക്കുകയാണ്.
പാലക്കാട് മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്തിട്ടും ആരും പ്രതികരിക്കാത്തത് ഇക്കൂട്ടരെ ഭയന്നാണ്. പിന്നിൽ മതതീവ്രവാദികളാണെന്ന് ബോദ്ധ്യമായിട്ടും പ്രതിയെ മാനസിക രോഗിയാക്കി പ്രശ്നം ലഘൂകരിക്കാനാണ് ശ്രമം. ലൗ ജിഹാദിലും ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നതിലും മുന്നണികൾ നിശബ്ദരാണ്.
ഭാര്യയ്ക്ക് മാത്രമല്ല അളിയനും എം.ബി.രാജേഷ് ജോലി വാങ്ങിക്കൊടുത്തെന്നാണ് പറയുന്നത്. ബി.ജെ.പി അധികാരത്തിൽ വന്നാൽ 20 വർഷത്തെ അനധികൃത നിയമനങ്ങളെപറ്റി സമഗ്രാന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 പ്രധാനമന്ത്രി നാളെ കൊച്ചിയിൽ
കൊച്ചിയിൽ നാളെ നടക്കുന്ന ബി.ജെ.പി സംസ്ഥാന കോർഗ്രൂപ്പ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാനത്ത് പ്രചാരണത്തിനിറങ്ങും. ബി.ജെ.പി വിജയ് യാത്ര 21ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.