ragulator
ചിറ്റൂർ വടകരപ്പള്ളി റെഗുലേറ്ററിന്റെ പണി ആരംഭിച്ചപ്പോൾ.

ഭൂഗർഭ ജലവിതാനം ഉയർത്താൻ പദ്ധതി ഉപകരിക്കും


ചിറ്റൂർ: നെൽകൃഷിയെ മാത്രം ആശ്രയിച്ച് കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന രണ്ടു പഞ്ചായത്തുകളിലെ ജലക്ഷാമത്തിന് പരിഹാരമായി വടകരപ്പതിയിൽ ചിറ്റൂർ പുഴയ്ക്കു കുറുകെ റെഗുലേറ്റർ ഉയരുന്നു. മേഖലയിലെ ഭൂഗർഭ ജലവിതാനം ഉയർത്താനും റെഗുലേറ്റർ ഉപകരിക്കും.

പെരുവെമ്പ്, പൊൽപ്പള്ളി പഞ്ചായത്തുകൾക്കൊപ്പം ചിറ്റൂർ-തത്തമംഗലം നഗരസഭ പരിധിയിലടക്കം 1200 ഹെക്ടർ ഭൂമിയിലെ ഭക്ഷ്യ, നാണ്യ വിള ഉല്പാദനത്തോത് വർദ്ധിപ്പിക്കാനാകും വിധമുള്ള സുസ്ഥിര ജലസേചനമാണ് ഒന്നര വർഷം കൊണ്ട് യാഥാർത്ഥ്യമാകുക. കിഫ്ബി ധനസഹായത്തോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് റെഗുലേറ്റർ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്. 19.84 കോടിയാണ് നിർമ്മാണച്ചെലവ്.

നിർമ്മാണോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അദ്ധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റുമാരായ ആർ.ചിന്നക്കുട്ടൻ, അഡ്വ.വി.മുരുകദാസ്, എസ്.ഹംസത്ത്, ബാലഗംഗാധരൻ, എസ്.തിലകൻ, ടെറൻസ് ആന്റണി, എസ്.ഉഷാകുമാരി, സി.ശശികല, കെ.ശിവരാമൻ, വി.ബാലകൃഷ്ണൻ, ശ്രീജ, സി.കൃഷ്ണൻകുട്ടി, സുരേഷ് ബാബു, ബിജു പങ്കെടുത്തു.

കുടിവെള്ളമില്ലാതെ ഒരു കുടുംബവും ബുദ്ധിമുട്ടരുത്: മന്ത്രി കെ.കൃഷ്ണൻകുട്ടി

ഒരു കുടുംബം പോലും കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടരുതെന്നും മണ്ഡലത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലമെത്തിക്കാനുള്ള നടപടി കൈക്കൊണ്ടതായും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. തന്റെ ബാല്യത്തിൽ അമ്മ പാടത്തുനിന്നാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. അതിന് ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ സ്ഥിതി മണ്ഡലത്തിലെ ഒരാൾക്കുപോലും ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്.

ജലസേചന പദ്ധതികളിലൂടെ മണ്ഡലത്തിൽ ആറിരട്ടി അധിക വിളവ് ലഭിക്കും. 6765 കോടിയുടെ പദ്ധതികളാണ് പൂർത്തിയാകുന്നത്. ഇതിൽ 4765 കോടിയും കിഫ്ബി വഴിയാണ്. വീടുകളിലേക്ക് നേരിട്ട് ഗുണഫലം ലഭ്യമാകുന്ന പദ്ധതികളാണിവ. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് മണ്ഡലത്തിൽ 40 വർഷത്തെ വികസനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.