palam
സംസ്ഥാന പാതയിൽ ഈസ്റ്റ് ഒറ്റപ്പാലത്തെ ഇടുങ്ങിയ പാലം.

ഒറ്റപ്പാലം: കണ്ണിയംപുറത്തെ ഗതാഗത കുരുക്കിന് പരിഹാരമായി പുതിയ പാലം വന്നതിന് പിന്നാലെ ഈസ്റ്റ് ഒറ്റപ്പാലത്തും പുതിയ പാലത്തിന് സർക്കാർ അനുമതി. നിലവിലെ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുക. 4.18 കോടി ഇതിനനുവദിച്ചെന്ന് പി.ഉണ്ണി എം.എൽ.എ അറിയിച്ചു.

രൂപരേഖ തയ്യാറാക്കി സർക്കാറിന്റെ സങ്കേതിക അനുമതി ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കും. സംസ്ഥാന പാതയിൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ചതോടെ നഗരത്തിൽ റോഡിന് വീതി കൈവന്നെങ്കിലും ഈസ്റ്റ് ഒറ്റപ്പാലം പാലം കുപ്പിക്കഴുത്തായി മാറി. ഇരുവശങ്ങളിൽ നിന്നുള്ള വലിയ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്നു പോകാനുള്ള വീതിയില്ല. ഈ ഭാഗത്തെന്നും ഗതാഗതക്കുരുക്ക് പതിവാണ്. തിരക്ക് മണിക്കൂറുകളോളം നീളും.

കണ്ണിയംപുറം പാലത്തിനൊപ്പം ഇതും നിർമ്മിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും രണ്ട് വശങ്ങളിലുള്ള സ്മാരകങ്ങളായിരുന്നു തടസം. പിന്നീട് പരിശോധിച്ച ശേഷം കെട്ടിടങ്ങൾ മാറ്റാതെ തന്നെ പുതിയ പാലം നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.