h

മണ്ണാർക്കാട്: താലൂക്കാശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ മൗനം പാലിച്ച പ്രതിപക്ഷാംഗങ്ങൾ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരണത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം വെച്ചു. കമ്മിറ്റി രൂപീകരണം നിയമപരമല്ലെന്നായിരുന്നു ഇടതംഗങ്ങളുടെ ആക്ഷേപം.

കഴിഞ്ഞ തവണ ആരോപിക്കുന്ന മാനദണ്ഡം ഇടതുപക്ഷം പാലിച്ചോയെന്ന് യു.ഡി.എഫ് ചോദിച്ചു. ഒരു യുവതി ദാരുണമായി മരിച്ചിട്ടും ഇടതുപക്ഷം മിണ്ടിയില്ലെന്ന് കൗൺസിലർമാരായ അരുൺകുമാറും ഷഫീഖ് റഹ്മാനും ആരോപിച്ചു. യുവതിയുടെ മരണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യു.ഡി.എഫ് രാഷ്ട്രീയ അജണ്ടയാക്കിയെന്ന് സി.പി.എം കൗൺസിലർ ടി.ആർ.സെബാസ്റ്റ്യൻ പറഞ്ഞു. വിഷയത്തിൽ അരമണിക്കൂറോളം തർക്കം തുടർന്നു. അവസാനം മാനദണ്ഡമനുസരിച്ചല്ലാതെ ആരെങ്കിലും കമ്മിറ്റിയിലുണ്ടെങ്കിൽ ഒഴിവാക്കുമെന്നും വിട്ടുപോയെങ്കിൽ കൂട്ടി ചേർക്കുമെന്നും നഗരസഭാദ്ധ്യക്ഷൻ ഫായിദ ബഷീർ അറിയിച്ചതോടെയാണ് തർക്കം അവസാനിച്ചത്.

കുടിവെള്ള പദ്ധതി നടപ്പാക്കാൻ ഭരണ സമിതി;

രാഷ്ടീയ വിരോധം മൂലം തടഞ്ഞുവച്ചതെന്ന് പ്രതിപക്ഷം

ചെർപ്പുളശ്ശേരി: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നടപടി ഉടനാരംഭിക്കാൻ നഗരസഭ കൗൺസിൽ തീരുമാനം. പദ്ധതിക്ക് അടവാക്കേണ്ട തുകയുമായി ബന്ധപ്പെട്ട ചർച്ചയിലാണ് നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് രാഷ്ട്രീയ വിരോധം മൂലം തടഞ്ഞുവച്ച പദ്ധതിയാണിതെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ കൗൺസിലർ കോൺഗ്രസിലെ കെ.എം.ഇസ്ഹാഖ് ആരോപിച്ചു. സർക്കാരിന് മേൽക്കോയ്മയുണ്ടാകുമോ എന്ന ഭയത്താലാണ് യു.ഡി.എഫ് ഭരണ സമിതി പദ്ധതി നടപ്പാക്കാഞ്ഞതെന്ന് സി.പി.എം കൗൺസിലർ പി.വിനോദും തുറന്നടിച്ചു. കഴിഞ്ഞ ഭരണ സമിതി പദ്ധതി നടപ്പാക്കാൻ ഇഛാശക്തി കാണിച്ചില്ലെന്ന് അദ്ധ്യക്ഷൻ പി.രാമചന്ദ്രൻ ആരോപിച്ചത് ചെറിയ വാക്കേറ്റത്തിനിടയാക്കി.

ഹൈമാസ്, ലോ മാസ് ലൈറ്റ് പരിപാലനച്ചെലവ് കൂടുതലാണെന്നും സോളാർ ലൈറ്റുകൾ സ്ഥാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എം.എൽ.എ ഫണ്ടുപയോഗിച്ച് പദ്ധതി നടത്തുന്നതിനാലാണ് പ്രതിപക്ഷം പ്രശ്നമുണ്ടാക്കുന്നതെന്ന് ഭരണപക്ഷത്തെ പി.വിനോദ് പറഞ്ഞു. എം.എൽ.എ.യുടെ വികസന പ്രവർത്തനങ്ങളോട് കഴിഞ്ഞ ഭരണ സമിതി മുഖം തിരിച്ചിട്ടില്ലെന്ന് പ്രതിപക്ഷത്തെ കെ.എം.ഇസ്ഹാഖ് മറുപടി നൽകി. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് ചെയർമാൻ പറഞ്ഞു.
അർഹരായ ഭവന രഹിതരെ ഉൾപ്പെടുത്തി പുതിയ ഡി.പി.ആർ തയ്യാറാക്കുന്നതിനും ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തെരുവ് കച്ചവട സ്ഥിരസമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചു. 19 അജണ്ടകൾ ചർച്ച ചെയ്തു.