agri
കൃഷി ചെയ്ത കാട്ടുകടുക്ക മരത്തിന് സമീപം പട്ടത്തുതൊടി വേണുഗോപാൽ

ഒറ്റപ്പാലം: പശ്ചിമഘട്ട പ്രദേശങ്ങളിൽ സമൃദ്ധിയായി കാണപ്പെടുന്ന കാട്ടുകടുക്ക കൃഷിയായി വികസിപ്പിച്ച് നാട്ടുമണ്ണിൽ വിജയം നേടി മാതൃകയാവുകയാണ് കൂനത്തറ പോണാട് പട്ടത്തുതൊടി വേണുഗോപാൽ.

നബാർഡിലും റിസർവ് ബാങ്കിലും ഉദ്യോഗസ്ഥനായിരുന്ന വേണുഗോപാൽ സുഹൃത്തായ മൈസൂരിലെ വനം കൺസർവേറ്റീവ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് കാട്ടുകടുക്ക കൃഷി പരീക്ഷിച്ചത്. മരമായി വളർന്ന് തടിയിൽ നിന്നാണ് ആദായം ലഭിക്കുക. വേണുഗോപാലിന്റെ വീട്ട് വളപ്പിൽ 2500ലേറെ മരം വളർച്ചയെത്തി നിൽക്കുന്നുണ്ട്. ഒരു ലക്ഷം തൈകൾ മേട്ടുപാളയത്ത് നിന്നാണ് കേരളത്തിലെത്തിച്ചത്. 30 അടി വരെ വളരും. ആനുപാതികമായി തടിയും വളരും. മൂന്ന്-നാല് വർഷം തികയുമ്പോൾ വെട്ടി വിൽക്കാം. നല്ല ആദായമാണ് ഇതിന് ലഭിക്കുക.

പ്ലൈവുഡ്, പേപ്പർ പൾപ്പ് മുതലായവയുടെ നിർമ്മാണത്തിന് പ്രധാന അസംസ്കൃത ഉല്പന്നമാണിത്. കണ്ണൂർ വളപ്പട്ടണം, തമിഴ്നാട്ടിലെ മേട്ടുപാളയം മുതലായ സ്ഥലങ്ങളിലെ വൻകിട മില്ലുകളിൽ ഇവ ആവശ്യത്തിന് കിട്ടാത്ത സ്ഥിതിയാണ്. മലവേപ്പ്, മലബാർ വേപ്പ് എന്നിങ്ങനെയും പേരുണ്ട്.

വിസ്മയലോകം പട്ടത്തൊടി വീട്
72-ാം വയസിലും കൃഷിയിലും മറ്റും സജീവമായ വേണുഗോപാൽ യോഗ, മെഡിറ്റേഷൻ, സ്പോക്കൺ ഇംഗ്ലീഷ് എന്നിവ സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി പകർന്ന് നൽകുന്നു. പരീക്ഷ പേടി മറികടക്കാൻ സൂത്രവാക്യങ്ങൾ നൽകി കുട്ടികൾക്ക് ഊർജ്ജം നൽകാനും തന്റെ സമയം മാറ്റിവെയ്ക്കുന്നു.

കർണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങൾ സാദ്ധ്യത തിരിച്ചറിഞ്ഞ് കൃഷി എന്ന നിലയിൽ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. കേരളത്തിലും ഇത് കൃഷിയായി പുതിയ സാദ്ധ്യത പരീക്ഷിക്കണം. കൃഷി-വനം വകുപ്പ് ഇതിന് പഠനം നടത്തണം.

-വേണുഗോപാൽ.