heat

പാലക്കാട്: കുംഭമാസം പിറന്നതോടെ ജില്ലയിൽ ചൂട് തലപ്പൊക്കിതുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ഉയർന്ന താപനില 37 ഡിഗ്രിയാണ്. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് കൂടിയ താപനില രേഖപ്പെടുത്തിയത്. 7, 8, 9, 10, 11, 12 തിയ്യതികളിൽ തുടർച്ചയായി 37 ഡിഗ്രിയാണ് ഉയർന്ന ചൂട്. ജനുവരി 31നാണ് ആദ്യം ചൂട് 37 ഡിഗ്രിയെത്തിയത്.

കഴിഞ്ഞ വർഷം ജനുവരിയിൽ 38 ഡിഗ്രിയും ഫെബ്രുവരിയിൽ 39.5 ഡിഗ്രിയുമായിരുന്നു ഉയർന്ന ചൂട്. ഏറ്റവും ഉയർന്ന് മാർച്ച് 30, 31, ഏപ്രിൽ 1, 2, 3, 4, 5, 19, 20 തിയ്യതികളിലായി 41 ഡിഗ്രി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സൂര്യാതാപത്തിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

സൂര്യാതാപം എന്നാൽ

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ശരീര താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടും. ഈ അവസ്ഥയാണ് സൂര്യാതാപം. ഇതിനേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുളള അവസ്ഥയാണിത്. വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായമായവരിലും രക്തസമ്മർദ്ദം മുതലായവ ള്ളവരിലും ഇതുണ്ടാകാൻ സാദ്ധ്യതയേറെ.

ലക്ഷണം

ഉയർന്ന് ശരീരതാപം, വരണ്ട് ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, നേർത്ത നാഡീമിടിപ്പ് തുടങ്ങിയ ലക്ഷണം അനുഭവപ്പെട്ടാൽ ചികിത്സ തേടണം.

ശ്രദ്ധിക്കുക

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യരുത്.

ധാരാളം വെള്ളം കുടിക്കുക.

ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ കുടിക്കുക.

ചൂട് കൂടുതലുള്ള അവസരങ്ങളിൽ തണലിൽ വിശ്രമിക്കുക.

വീടിനകത്ത് കാറ്റ് ലഭിക്കാൻ വാതിലുകളും ജനലുകളും തുറന്നിടുക.

കട്ടി കൂടിയത് ഒഴിവാക്കി അയഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രം ധരിക്കുക.

സൂര്യാതാപമേറ്റ് പൊള്ളിയ ഭാഗത്ത് കുമിളയുണ്ടായാൽ പൊട്ടിക്കരുത്.

വെയിലത്തിറങ്ങുമ്പോൾ കുടയും വെള്ളവും കരുതുക.

കാപ്പി, ചായ എന്നിവ പകൽ ഒഴിവാക്കുക.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗം മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.