 
മൊത്തവിപണിയിൽ കിലോയ്ക്ക് ₹350
കാലാവസ്ഥ വ്യതിയാനം മൂലം ഉല്പാദനം കുറവ്
കൊല്ലങ്കോട്: ലോകത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള രുചിയുടെ റാണി 'അൽഫോൺസ" മാമ്പഴത്തിന് തീ വില. കഴിഞ്ഞ ദിവസം മുതലമടയിലെ മൊത്തവിപണിയിൽ കിലോ 350 രൂപയ്ക്കാണ് കച്ചവടം നടന്നത്. ദുബായ് അടക്കമുള്ള അറേബ്യൻ രാജ്യങ്ങളിൽ ഏറെ പ്രിയമുള്ള അൽഫോൺസ മുതലമടയിലും മഹാരാഷ്ട്രയിലെ സങ്കിലിയിലും മാത്രമാണ് നാമമാത്രമായി ഉല്പാദിപ്പിക്കുന്നത്.
സങ്കിലിയിൽ അൽഫോൻസ 12 എണ്ണത്തിന് 3200 രൂപയാണ് വില. കാലാവസ്ഥ വ്യതിയാനം മൂലം മുതലമടയിലെ മാന്തോപ്പുകളിൽ ഇത്തവണ മൂന്നുതവണ മാമ്പൂ കരിഞ്ഞു. ഇതോടെ ഉല്പാദനം സാധരണയെ അപേക്ഷിച്ച് 15% മാത്രമാണുള്ളത്. അൽഫോൺസ മാങ്ങയുടെ ഉല്പാദനം ഒരു ശതമാനത്തിലും താഴെയാണ്. ബംഗനപ്പള്ളി 80-100, സിന്ദൂരം 80-90, കിളിമൂക്ക് 60-70, മൂവാണ്ടൻ 25-35 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
മുതലമടയിലെ കർഷകരിൽ ഭൂരിഭാഗവും സീസൺ കഴിയുന്നതിന് മുമ്പേ അടുത്ത കൊല്ലത്തെ കരാർ കച്ചവടക്കാർക്ക് നൽകും.
ഇങ്ങനെ കരാറെടുക്കുന്നവർ അമിത കീടനാശിനിയും ഹോർമോണും പ്രയോഗിക്കുന്നത് ഏറെ തർക്കത്തിന് വഴിവെച്ചിരുന്നു.
ഇത്തവണ വിളവ് കുറഞ്ഞതോടെ കച്ചവടക്കാർ പറഞ്ഞുറപ്പിച്ച വില നൽകാൻ കഴിയാതെ കുഴയുകയാണ്.
സ്വന്തമായി മാവ് പരിചരിച്ച് കീടനാശിനി, രാസവളം എന്നിവ മിതമായി ഉപയോഗിക്കുന്നവർക്ക് താരതമ്യേന വിളവ് ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. ഇങ്ങനെ വിളവെടുക്കുന്ന കർഷകരാണ് മൊത്തവിപണിയിൽ മാങ്ങ തൂക്കത്തിന് നൽകുന്നത്. കൃഷി കീടനാശിനി-രാസവള വിമുക്തമാക്കാൻ പദ്ധതി തയ്യാറാക്കുകയാണ് കൃഷിഭവൻ.
വളരെ കുറച്ചുപേർക്കേ ഈ സീസണിൽ അൽഫോൺസ വിളവെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. നല്ല വിലയുണ്ടായിട്ടും ഇടനിലക്കാർ നൽകുന്നില്ല. ചൂഷണം അവസാനിപ്പിക്കാൻ ഹോർട്ടികോർപ്പ് സംഭരണം നടത്തണം.
-ഷൈജു നാരായണൻ, കർഷകൻ.