
ചിറ്റൂർ: എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ 845 ഏക്കർ സ്ഥലത്ത് പ്രയോജനം ലഭിക്കുന്ന നാല് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതികളുടെ നിർമ്മാണം നാളെ വൈകിട്ട് മൂന്നിന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
വണ്ണാമട ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് അദ്ധ്യക്ഷനാകും. കെ.ഐ.ഐ.ഡി.സി ചീഫ് എൻജിനീയർ ടെറൻസ് ആന്റണി റിപ്പോർട്ടവതരിപ്പിക്കും. ജല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, രാജേഷ് കുമാർ സിംഗ്, പ്രണബ് ജ്യോതിനാഥ്, പ്രിയദർശിനി, എം.സതീഷ്, മാധുരി പത്മനാഭൻ പങ്കെടുക്കും.
റീബിൽഡ് കേരള സാമ്പത്തിക സഹായത്തോടെയാണ് മൂങ്കിൽമട, വലിയേരി, നാവിതൻകുളം മേഖലകളിൽ ലിഫ്‌റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കുന്നത്. കരടിപ്പാറ ലിഫ്‌റ്റ് ഇറിഗേഷൻ സർക്കാരിന്റെ പദ്ധതി വിഹിതമുപയോഗിച്ചാണ് നടപ്പാക്കുന്നത്. 16.78 കോടിയാണ് ആകെ ചെലവ്. കെ.ഐ.ഐ.ഡി.സി.ക്കാണ് നിർമ്മാണച്ചുമതല.
ജലസേചനത്തിന് ആവശ്യമായ വെള്ളം പകുതി ലാഭിക്കാനും വിളവ് വർദ്ധിപ്പിക്കാനും വരുമാനം ഗണ്യമായി കൂട്ടാനും സാധിക്കുമെന്നതാണ് മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ ഗുണം. ഒരേക്കറിന് രണ്ടുലക്ഷത്തിൽ താഴെ മാത്രമാണ് ചെലവ്. അഞ്ചിരട്ടി തുകയ്ക്കുള്ള വിളവ് ലഭിക്കും. വിളകൾക്ക് സുസ്ഥിര വളപ്രയോഗ രീതികളും സാദ്ധ്യമാകും. രണ്ട് പഞ്ചായത്തിലായി ഇരുനൂറിലേറെ കർഷക കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും.