
ഷൊർണൂർ: മലബാറിന്റെ കവാട കേന്ദ്രമാണ് ഷൊർണൂർ. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ എത്തുന്ന യാത്രക്കാർക്ക് തുടർ യാത്ര വലിയ പ്രതിസന്ധിയാണ്.
സ്വകാര്യ ബസുകളാണ് പ്രധാന ആശ്രയം. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ഇവിടെ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ മാറിവരുന്ന സർക്കാരുകൾക്ക് തിരഞ്ഞെടുപ്പ് കാലത്ത് പൊടിതട്ടി നൽകാനുള്ള വാഗ്ദാനം മാത്രമായി ഈ ആവശ്യം മാറി.
പ്രധാന റെയിൽവേ സ്റ്റേഷനായതിനാൽ മിക്ക യാത്രികരും ദീർഘദൂര, തുടർ യാത്രകൾക്കായാണ് ഷൊർണൂരിലെത്തുന്നത്. ഷൊർണൂരിൽ നിന്ന് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് പരമാവധി 45 കി.മീ ദൂരത്തേക്ക് മാത്രമാണ്. അതിരാവിലെയും വൈകിട്ട് ഏഴിന് ശേഷവും ഈ ബസുകളും കുറവാണ്.
ദീർഘദൂര യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. പക്ഷേ കെ.എസ്.ആർ.ടി.സിയുടെ സർവീസ് വ്യക്തമാക്കുന്ന ഒരു ബോർഡ് പോലും ഷൊർണൂരിലില്ല. യാത്രക്കാർ രാവും പകലും ബസ് കാത്തുനിൽക്കേണ്ടത് പാതയോരത്ത് തന്നെ. തൃശൂർ- പെരിന്തൽമണ്ണ റൂട്ടിലെ ദീർഘദൂര ബസുകളാണ് യാത്രക്കാർക്ക് ആശ്രയം.
പ്രശ്നത്തിന് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് ഷൊർണൂരിൽ സ്ഥാപിക്കണമെന്ന നിർദ്ദേശം പതിറ്റാണ്ടുകൾക്ക് മുമ്പ് ഉയർന്നതാണെങ്കിലും മുടന്തൻ ന്യായം നിരത്തി അധികൃതർ കണ്ണടയ്ക്കുകയാണ്.
നിലപാട് ഇങ്ങനെ
നഗരസഭ:
വരുമാനക്കമ്മി നേരിടുന്ന തനത് ഫണ്ട് കുറവായ നഗരസഭയ്ക്ക് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സ്ഥലം കണ്ടെത്താൻ പ്രയാസമാണ്. അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കും.
സർക്കാർ:
പ്രധാന പാതകൾ സംഗമിക്കുന്ന ഷൊർണൂരിൽ നഗരസഭ സ്ഥലം ലഭ്യമാക്കിയാൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി കൈക്കൊള്ളും.