3-brothers

ആലത്തൂർ: കുനിശേരി കുതിരപ്പാറയിൽ സഹോദരങ്ങളായ മൂന്നുകുട്ടികൾ പാടത്തെ കുളത്തിൽ മുങ്ങിമരിച്ചു. പള്ളിമേട് കൊറ്റിയോട് വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ കരിയങ്കാട് ജസീറിന്റെയും റംലയുടെയും മക്കളായ ജിൻഷാദ് (12), റിൻഷാദ് (ഏഴ്), റിഫാസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നാണ് സംഭവം.

അയൽപക്കത്തെ കുട്ടിയോടൊപ്പം സമീപത്തെ പറമ്പിൽ കളിക്കാൻ പോയ ഇവർ മാവിൽ നിന്ന് പറിച്ച മാങ്ങ കഴുകാൻ കുളത്തിലിറങ്ങിയപ്പോഴാണ് അപകടം. കുളത്തിനരികിലുള്ള പാറയിലിരുന്ന് മാങ്ങയിൽ പറ്റിയിരുന്ന അഴുക്ക് കഴുകിക്കളയുന്നതിനിടെ റിൻഷാദും റിഫാസും തെന്നി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഇവർ വെള്ളത്തിൽ വീണത് കണ്ട് രക്ഷപ്പെടുത്താനിറങ്ങിയ ജിൻഷാദും മുങ്ങിത്താണു. കൂടെയുണ്ടായിരുന്ന കുട്ടി വിവരമറിയിച്ചതനുസരിച്ച് സമീപവാസികൾ ഓടിയെത്തി കുട്ടികളെ കുളത്തിൽ നിന്ന് പുറത്തെടുത്ത് ആലത്തൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിൽ കൊണ്ടുവന്നു. തുടർന്ന് കുതിരപ്പാറ വേർമാനൂർ ജുമാമസ്ജിദിൽ ഖബറടക്കി. ജസീർ-റംല ദമ്പതികൾക്ക് വേറെ കുട്ടികളില്ല.
മന്ത്രി വി.എസ്.സുനിൽകുമാർ, കെ.ഡി.പ്രസേനൻ എം.എൽ.എ എന്നിവർ ആശുപത്രിയിലെത്തി കുട്ടികൾക്ക് അന്തിമോപചാരം അർപ്പിച്ചു.