civil
പരിശീലനം നടത്തുന്ന സിവിൽ ഡിഫൻസ് അംഗങ്ങൾ

പാലക്കാട്: ഏത് പ്രതിസന്ധിഘട്ടങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രത്യേക പരിശീലനം നേടിയ ജില്ലയിലെ 200 സിവിൽ ഡിഫൻസ് അംഗങ്ങൾ ഇന്നുമുതൽ രംഗത്തിറങ്ങുന്നു. അപകടവേളകളിൽ ഇനി അഗ്നിരക്ഷാ സേനയ്ക്കൊപ്പം ഇവരുമുണ്ടാകും. അഗ്നിരക്ഷാസേന പൊതുജനങ്ങളിൽ നിന്ന് സന്നദ്ധപ്രവർത്തകരെ കണ്ടെത്തി പരിശീലിപ്പിച്ച രക്ഷാപ്രവർത്തകരുടെ സേനയാണ് തയ്യാറായിരിക്കുന്നത്.

പ്രഥമശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്നിബാധാനിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലാണ് ഇവർക്ക് പരിശീലനം നൽകിയത്. സംസ്ഥാന സിവിൽ ഡിഫൻസ്, ജില്ലാ ഫയർ ആന്റ് റസ്‌ക്യൂ എന്നിവിടങ്ങളിൽ നിന്ന് 15 ദിവസത്തെ പരിശീലനം നേടിയ ജില്ലയിലെ 200 പേർ ഉൾപ്പെട്ട ആദ്യബാച്ചിൽ 44 വനിതകളും 156 പുരുഷൻമാരുമാണുള്ളത്. അദ്ധ്യാപകർ, മെക്കാനിക്കുകൾ, ഇലക്ട്രീഷ്യൻമാർ, വിദ്യാർത്ഥികൾ അടക്കമുള്ള വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരും സംഘത്തിലുണ്ട്.

ഡിഫൻസ് സംഘത്തിന്റെ പാസിംഗ് ഔട്ട് ഇന്ന് രാവിലെ 8.30ന് ജില്ലാ അഗ്നിരക്ഷാസേന ഓഫിസിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക്, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർ പാസിംഗ് ഔട്ട് പരേടിൽ പങ്കെടുക്കും.

 വെള്ളത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ താത്കാലിക ബോട്ട്, ചെറുവള്ളം എന്നിവ നിർമ്മിക്കാനും വെള്ളപ്പൊക്കത്തിലും മറ്റും ഒറ്റപ്പെട്ടവരെ രക്ഷിക്കാനായി കയർപ്പാലങ്ങൾ ഉണ്ടാക്കാനും പരീശനം നേടിയവരാണ് സിവിൽ ഡിഫൻസ് സേന. പ്ലാസ്റ്റിക് കുപ്പികൾ, കന്നാസുകൾ, കുടം തുടങ്ങിയ ഉപയോഗിച്ച് വെള്ളത്തിൽ പൊങ്ങിനിൽക്കാൻ സാധിക്കുന്ന ഉപകരണങ്ങൾ ഇവർ മിനിറ്റുകൾകൊണ്ട് നിർമ്മിച്ചെടുക്കും. ഇതുപയോഗിച്ച് ഉടൻ രക്ഷാപ്രവർത്തനം നടത്തും. പാചകവാതക ചോർച്ച നിയന്ത്രിക്കാനും ഇവർക്കറിയാം. രക്ഷാപ്രവർത്തനത്തിനു താത്പര്യവും കഴിവുമുള്ള ആളുകളെ കണ്ടെത്തി പരിശീലിപ്പിക്കുകയായിരുന്നു.

അരുൺ ഭാസ്‌കർ, ജില്ലാ ഫയർ ഓഫീസർ, പാലക്കാട്.