place
കുലുക്കല്ലൂർ ആനക്കൽ കുന്ന്

ചെർപ്പുളശ്ശേരി: പ്രകൃതി സൗന്ദര്യത്തിന്റെ പച്ചയായ കാഴ്ചകളൊരുക്കി നിൽക്കുന്ന തൂതപ്പുഴയോരത്തെ കുലുക്കല്ലൂർ ആനക്കൽ ടൂറിസം പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു.

തൂതപ്പുഴയോട് ചേർന്നുകിടക്കുന്ന ആനക്കൽ കുന്നും അടിവാരവും വള്ളുവനാടൻ ഗ്രാമീണ ഭംഗിയുടെ നേർക്കാഴ്ചയാണ്. കൂറ്റൻ പാറക്കല്ലുകൾ നിറഞ്ഞ കുന്നിൻ ചെരിവുകളും നരിമടയും പുൽക്കാടും തൂതപ്പുഴയിൽ നിന്നെത്തുന്ന ഇളംകാറ്റും ലിഫ്റ്റ് ഇറിഗേഷനുമെല്ലാം ഇവിടെ എത്തുന്നവരുടെ മനം കവരുന്നതാണ്. സർക്കാർ ശ്രമിച്ചാൽ ജില്ലയിലെ മികച്ച ഇക്കോ ടൂറിസം കേന്ദ്രമാക്കി ആനക്കൽ പ്രദേശം മാറ്റാം.

മപ്പാട്ടുകര തടയണ വന്നതോടെ പുഴയിലെ മൂന്ന് കി.മീ ജലവിതാനവും ഇവിടുത്തെ ടൂറിസം സാദ്ധ്യത വർദ്ധിപ്പിച്ചു. തടയണയിലെ ജലസമൃദ്ധി പ്രയോജനപ്പെടുത്തി ബോട്ട് സർവ്വീസ് ഉൾപ്പടെയുള്ള വിനോദോപാധികളും നടപ്പാക്കാം.

കുന്നിൻ മുകളിൽ ചെറിയ ഉദ്യാനം, കുട്ടികളുടെ പാർക്ക്, ഇരിപ്പിടം എന്നിവ വലിയ ചിലവില്ലാതെ ഒരുക്കാം. ആനക്കൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ നിന്നും കുന്നിൻ മുകളിൽ വെള്ളവും എത്തുന്നുണ്ട്.

നിലവിൽ ആഘോഷ വേളകളിലും സായാഹ്നങ്ങളിലും പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി ആളുകൾ ഇവിടെയെത്തുന്നുണ്ട്.

അടിവാരത്തുള്ള ആനക്കൽ ക്ഷേത്രവും ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്താം. പൂർണ്ണമായും കരിങ്കല്ലിലുള്ള ഈ ക്ഷേത്രം പഴയ ശിലാകാലത്തിന്റെ ഒരു ശേഷിപ്പാണ്.

സ്ഥലം സന്ദർശിച്ചു

മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയും ഡി.ടി.പി.സി ഉദ്യോഗസ്ഥരും പ്രദേശം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.രമണി, സ്ഥിരസമിതി അദ്ധ്യക്ഷൻ എം.കെ.ശ്രീകുമാർ, പഞ്ചായത്തംഗം കെ.ബാലഗംഗാധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

നൂറേക്കറിലായി പരന്നുകിടക്കുന്ന സ്ഥലം റവന്യൂ വകുപ്പിന്റെ അധീനതയിലാണ്. വലിയ പ്രതിബന്ധങ്ങളില്ലാതെ ടൂറിസം പദ്ധതി നടപ്പാക്കാം. പദ്ധതി തയ്യാറാക്കി ഉടൻ സർക്കാരിന് സമ്മർപ്പിക്കും.

-മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.