agri-market
ഗ്ലോ​ബ​ൽ​ ​അ​ഗ്രി​ ​ഹെ​റി​റ്റേ​ജ് ​മാ​ർ​ക്ക​റ്റിന്റെ രൂപരേഖ

ചിറ്റൂർ: പെരുമാട്ടിയിൽ ആരംഭിക്കുന്ന ഗ്ലോബൽ അഗ്രിഹെറിറ്റേജ് മാർക്കറ്റിന്റെ ശിലാസ്ഥാപനം നാളെ മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. രമ്യഹരിദാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.മുരുകദാസ്, ചിറ്റൂർ തത്തമംഗലം നഗരസഭ അധ്യക്ഷ കെ.എൽ.കവിത എന്നിവർ പങ്കെടുക്കും.

പെരുമാട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറിൽ പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലെപ്‌മെന്റ് കോർപ്പറേഷനാണ് ഗ്ലോബൽ അഗ്രി ഹെറിറ്റേജ് മാർക്കറ്റിന്റെ നിർമ്മാണം വഹിക്കുന്നത്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന കാർഷിക വിളകളുടെ വിപണനം ശക്തിപ്പെടുത്തുകയാണ് പദ്ധതിലക്ഷ്യം. പൈതൃക മന്ദിരങ്ങളുടെ മാതൃകയിലാണ് മാർക്കറ്റ് രൂപകൽപന ചെയ്യുന്നത്. കെട്ടിട സമുച്ചയത്തിലെ ബോർഡുകൾ ഉൾപ്പെടെ ഇത്തരത്തിലാവും തയ്യാറാക്കുക. പൈതൃക മാർക്കറ്റിലൂടെ പുതിയ തലമുറയെയും കൃഷിയിലേക്ക് ആകർഷിച്ച് കർഷകരുടെ ലാഭവും ജീവിതനിലവാരവും ഉയർത്തുകയുമാണ് ലക്ഷ്യം. കർഷകർക്ക് തങ്ങളുടെ ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം നടത്താം. മൊത്തക്കച്ചവടക്കാർ നൽകുന്നതിലും കൂടുതൽ വില ലഭിക്കും. ഉപഭോക്താക്കൾക്ക് പൊതുവിപണിയേക്കാൾ കുറഞ്ഞവിലയിൽ നല്ലയിനം പഴങ്ങളും പച്ചക്കറികളും ഇവിടെനിന്ന് വാങ്ങുകയും ചെയ്യാമെന്നതും പ്രത്യേകതയാണ്.

അഞ്ചേക്കർ ഭൂമിയിൽ പ്രവേശനഭാഗത്തുള്ള ഒന്നര ഏക്കറിലാണ് കാർഷിക മാർക്കറ്റിന്റെ ഒന്നാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നുനില കെട്ടിടമാണ് പണിയുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിധം പ്രാദേശിക ഉല്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള സൗകര്യവും ഇവിടെയുണ്ടാകും. സുഗന്ധവ്യഞ്ജനങ്ങൾ, തേൻ, ചക്കകൊണ്ടുള്ള ഉല്പന്നങ്ങൾ തുടങ്ങി പല മൂല്യവർധിത ഉപ ഉല്പന്നങ്ങളുടെയും വിപണി വിപുലീകരിക്കാൻ ഇത് സഹായിക്കും.
കാർഷികോൽപന്നങ്ങൾ സംഭരിച്ചു സൂക്ഷിക്കാനുള്ള സൗകര്യം, മൂന്നുനിലകളിലായി മൊത്ത വില്പന കേന്ദ്രം, ഉല്പന്നങ്ങളുടെ ഗ്രേഡിംഗിനും പായ്ക്കിംഗിനുമുള്ള സൗകര്യങ്ങൾ, പാർക്കിംഗ് തുടങ്ങിയവയെല്ലാം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർക്കറ്റിനുള്ളിൽ വൃത്താകൃതിയിൽ നിർമിക്കുന്ന ഇരുനില കെട്ടിടത്തിന്റെ താഴത്തെ നില ഭിത്തികളില്ലാത്ത ഹാളായിരിക്കും. വിവിധ ഉല്പന്നങ്ങൾ ലേലം ചെയ്തു വിൽക്കുന്നതിന് ഇവിടം ഉപയോഗിക്കാം. എക്‌സിബിഷൻ ഹാൾ, അഗ്രി മ്യൂസിയം തുടങ്ങിയവയും ഇവിടെയുണ്ടാകും. രണ്ടാം നിലയിൽ ഓഫീസ് ഡോർമെറ്ററി, ഗസ്റ്റ് റൂമുകൾ, പരിശീലനത്തിനുള്ള മുറികൾ, ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറികൾ എന്നിവയാണ് സജ്ജമാക്കുക. പലഘട്ടങ്ങളിലായി മാർക്കറ്റിന്റെ വികസനം പൂർത്തിയാക്കുകയാണ് ലക്ഷ്യം.