market
ചി​ക്ക​ണാം​പാ​റ​യിലെ ചന്തപ്പുര

കൊല്ലങ്കോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള കൊല്ലങ്കോട് നഗരത്തിലെ ചന്തപ്പുര നാശത്തിന്റെ വക്കിൽ. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ സ്ഥലത്ത് ഷോപ്പിംഗ് മാൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വെങ്ങുനാട് രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലത്താണ് ആഴ്ചയിലൊരിക്കൽ ചന്ത നടത്തിയിരുന്നത്. പിന്നീട് ഇവിടെ ഉത്പന്നങ്ങൾ വില്ക്കാൻ ചിക്കണാംപാറയിൽ സ്ഥിരമായൊരു ചന്തപ്പുരയും നിർമ്മിക്കുകയായിരുന്നു. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ളവർ ഇവിടെയെത്തിയാണ് അവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾ, തുണിത്തരങ്ങൾ, തഴപായകൾ, മുളയുല്പന്നങ്ങൾ തുടങ്ങിയ ഉണക്ക് മത്സ്യങ്ങൾ വിത്തിനങ്ങൾ വരെ ഇവിടെ ലഭ്യമായിരുന്നു. വാഹന സൗകര്യം വർദ്ധിക്കുകയും വ്യാപാര സ്ഥാപനങ്ങൾ പെരുകുകയും ചെയ്തതോടെ ശനിയാഴ്ചയിൽ മാത്രം നടത്തിയിരുന്ന ചന്തയിലേക്കുള്ള ആളുകളുടെ വരവും നിലച്ചു. ശേഷം ചന്ത ഭൂതകാലത്തിന്റെ വെറും ഓർമ്മയായി.

അധികൃതരുടെ മേൽനോട്ടമില്ലായ്മയും കൃത്യമായ ഇടവേളകളിൽ നവീകരണം നടക്കാത്തതിനാലും നാശത്തിന്റെ വക്കിലാണിപ്പോൾ ചന്തപ്പുര. ഇടക്കാലത്ത് കൊല്ലങ്കോട് പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് ചന്തപ്പുര ഭാഗികമായി നവീകരിച്ചെങ്കിലും പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ല. ഏകദേശം ഒരേക്കറോളംവരുന്ന സ്ഥലത്താണ് ചന്തപ്പുര നിലനിൽക്കുന്നത്. ഈ സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് മാൾ നിർമ്മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. മൂന്നു നിലകളുള്ള കെട്ടിടത്തിൽ താഴെ മത്സ്യ - മാംസ സ്റ്റാളുകളും ദിവസചന്ത എന്ന പേരിൽ നാടൻ പച്ചക്കറികളും വിൽക്കാൻ ആവശ്യമായ സജ്ജീകരണം ഏർപ്പെടുത്തണം. മുകളിൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക് കടമുറികൾ വാടകയ്ക്ക് നൽകാം. ഇത് പഞ്ചായത്തിന് വലിയ രീതിയിൽ വരുമാനം ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. വികസന സമിതി യോഗത്തിൽ ചർച്ചചെയ്ത് അധികൃതർ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നത് എന്ന് നാട്ടുകാർ പറയുന്നു.