 
വടക്കഞ്ചേരി: ചൂടിന്റെ കാഠിന്യം കൂടിയതോടെ കാട്ടുതീ പ്രതിരോധിക്കാൻ ഏറുമാടമൊരുക്കി വനപാലകർ. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരുമാണ് ഏറുമാടം ഒരുക്കിയത്. വേനൽ ആരംഭിക്കുന്ന സാഹചര്യത്തിൽ ഏറുമാടത്തിലിരുന്ന് 24 മണിക്കൂറും നിരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ജില്ലയിൽ മംഗലംഡാമിൽ മാത്രമാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്.
എർത്ത്ഡാം ചൂരുപാറ റോഡിൽ നന്നങ്ങാടി ഭാഗത്താണ് ഏറുമാടം നിർമ്മിച്ചത്. പ്രകൃതിദത്തമായ നിലയിൽ മരങ്ങളും മുളയും പനയോലയും പലകയും ചേർത്ത് മരങ്ങളിൽ തമ്മിൽ ബന്ധിപ്പിച്ചാണ് ഏറുമാടമൊരുക്കിയത്. കയറാൻ ചവിട്ടുപടിയും ഒരുക്കിയിട്ടുണ്ട്. നന്നങ്ങാടിയിൽ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് നിർമ്മിച്ച ഏറുമാടത്തിൽ ഇരുന്ന് നോക്കിയാൽ വനം വകുപ്പിന് കീഴിൽ വരുന്ന ബഹുഭൂരിഭാഗം സ്ഥലവും കാണാൻ കഴിയും.
32.35 സ്‌ക്വയർ കി.മീ.ആണ് മംഗലംഡാം ഫോറസ്റ്റ് ഓഫീസിന്റെ കീഴിൽ വരുന്നത്. ഏറുമാടത്തിൽ നിന്ന് നോക്കിയാൽ ഈ പ്രദേശത്തെ പ്രധാന വനമേഖലയായ കുഞ്ചിയാർപതി, പപ്പടപ്പാറ, വട്ടപ്പാറ, ചുരുപാറ, മണ്ണെണ്ണക്കയം, വി.ആർ.ടി തുടങ്ങിയ പ്രദേശങ്ങൾ കൃത്യമായി കാണാൻ കഴിയും. തീപിടിത്തം ഉണ്ടായാൽ പകൽ ബൈനോക്കുലറിന്റെ സഹായത്തോടെ നിരീക്ഷിക്കാം.
ഇത്തരത്തിൽ നിരീക്ഷിക്കുമ്പോൾ രാത്രയോ പകലോ എവിടെയെങ്കിലും തീ പിടുത്തമുണ്ടായാൽ ഉടൻ തന്നെ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ച് തുടർ നടപടി സ്വീകരിക്കും. ഡെപ്യൂട്ടി റെയ്ഞ്ചർ കെ.അഭിലാഷിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും ചേർന്നാണ് ഏറുമാടം ഒരുക്കിയത്. കഴിഞ്ഞവർഷവും ഇവിടെ ഇത്തരത്തിൽ ഏറുമാടം ഒരുക്കിയിരുന്നു.