
ഒറ്റപ്പാലം: നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന അണിയറ ചർച്ച മണ്ഡലത്തിൽ കൊഴുക്കുകയാണ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് മണ്ഡലത്തിൽ പി.ഉണ്ണി രണ്ടാമങ്കത്തിനിറങ്ങുമോ എന്നതാണ് പ്രധാന ചർച്ച.
തങ്ങളുടെ ഉറച്ച കോട്ടയാണ് ഒറ്റപ്പാലമെന്ന് ഒരിക്കൽ കൂടി അടിവരയിടുന്നതായിരിക്കും വരുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന് എൽ.ഡി.എഫ് പറയുന്നു. ഇടതിന്റെ കുത്തക മണ്ഡലത്തിൽ തികഞ്ഞ സാരഥിയെ ഇറക്കി അട്ടിമറി വിജയം നേടുകയാണ് യു.ഡി.എഫ് ലക്ഷ്യം. ഇരുമുന്നണികൾക്കും വെല്ലുവിളിയുയർത്തി മികച്ച സ്ഥാനാർത്ഥിയുമായി രംഗത്തിറങ്ങാനാണ് എൻ.ഡി.എ നീക്കം.
ഇടത് ക്യാമ്പ്
ആരോഗ്യപരമായ കാരണങ്ങളാൽ ഉണ്ണിക്ക് രണ്ടാമൂഴം ഉണ്ടാവില്ലെന്നാണ് സി.പി.എം കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. എന്നാൽ, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി അദ്ദേഹം സജീവമാണ്. പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥി എന്ന നിലയിൽ മുന്നോട്ട് പോകാനാണ് തീരുമാനം.
ഡി.വൈ.എഫ്.ഐ നേതാവും ഒറ്റപ്പാലത്തുകാരനുമായ അഡ്വ.രൺദീഷിനെ ഇറക്കി യുവപ്രാതിനിധ്യം നൽകാൻ നീക്കമുണ്ട്. തിരുവനന്തപുരത്ത് നിന്ന് പഠിച്ച് അഭിഭാഷകനായ രൺദീഷിന് കണ്ണൂരിലെ അടക്കമുള്ള ഉന്നത പാർട്ടി ബന്ധം സ്ഥാനാർത്ഥി നിർണയത്തിൽ സഹായമാവും.
വലത് ക്യാമ്പ്
യു.ഡി.എഫിൽ ഡോ.സരിന്റെ പേരിനാണ് മുൻതൂക്കം. സിവിൽ സർവീസ് വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ സരിൻ ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിത്വം ഏതാണ്ടുറപ്പിച്ച് പ്രവർത്തനം തുടങ്ങി. 'രാഹുൽ ബ്രിഗേഡിലെ" അംഗമെന്ന നിലയിൽ കോൺഗ്രസിൽ സ്ഥാനാർത്ഥിത്വം പൊതുവെ സ്വീകരിക്കപ്പെടുമെന്നാണ് സൂചന.
എൻ.ഡി.എ
എൻ.ഡി.എ.യിൽ നിന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ പരിഗണിക്കുന്നുണ്ട്. 30000ത്തിൽ പരം വോട്ട് ബലമുള്ള മണ്ഡലമാണ് ബി.ജെ.പിക്ക് ഒറ്റപ്പാലം. സന്ദീപിനെ പോലെ താരമൂല്യമുള്ള മുഖത്തിലൂടെ ശക്തമായ ത്രികോണ മത്സരത്തിനാണ് ബി.ജെ.പി ഒരുങ്ങുന്നത്. പാലക്കാട് സന്ദീപിനെ നിറുത്തി സീറ്റ് പിടിച്ചെടുക്കുക എന്നൊരു ലക്ഷ്യവും പാർട്ടിക്ക് മുന്നിലുണ്ട്.