കൊല്ലങ്കോട്: പല്ലാവൂർ ജി.എൽ.പി.എസിന് പ്രവർത്തന മികവിൽ സംസ്ഥാന പി.ടി.എ അവാർഡ്. 2019- 20 വർഷത്തെ മാതൃക പ്രവർത്തനങ്ങളും രക്ഷിതാക്കളുടെ മികച്ച ഇടപെടലുമാണ് വിദ്യാലയത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.
പ്രീസ്‌കൂൾ നവീകരണത്തിന്റെ ഭാഗമായി നടത്തിയ പല്ലവം പദ്ധതി സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരുന്നു. അമ്മക്കൂട്ട് പദ്ധതി കേന്ദ്രപ്രശംസ പിടിച്ചുപറ്റി. എസ്.എസ്.കെ.യുടെ ആഭിമുഖ്യത്തിൽ 14 ജില്ലകളിലെയും വിദ്യാഭ്യാസ പ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്ത് സംസ്ഥാന പ്രീ സ്‌കൂൾ ട്വിന്നിംഗ് പരിപാടിക്ക് വിദ്യാലയം ആതിഥ്യമരുളി. വാക്കാണമ്മ, സ്‌മൈൽ, പുസ്തകത്തണൽ പദ്ധതിയും ശ്രദ്ധേയമായി.
32 വർഷമായി വിദ്യാലയത്തിന്റെ മികവിനും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും നേതൃത്വം കൊടുക്കുന്ന ദേശീയ-സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പ്രധാനാദ്ധ്യാപകനുമായ എ.ഹാറൂണിന്റെ ആത്മാർത്ഥമായ ഇടപെടലും നേതൃപാടവവുമാണ് ഈ നേട്ടങ്ങളിലേക്ക് വിദ്യാലയത്തെ എത്തിച്ചത്.
സബ് ജില്ലയിൽ 2011 മുതൽ നൽകുന്ന പി.ടി.എ അവാർഡ് കഴിഞ്ഞ പത്തുവർഷമായി സ്‌കൂളിനാണ് ലഭിക്കുന്നത്. 2017ൽ ജില്ലയിലും സംസ്ഥാനത്തും ഒന്നാംസ്ഥാനം ലഭിച്ചു. അവാർഡ് നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നതായി പി.ടി.എ പ്രസിഡന്റ് എം.ലക്ഷ്മണൻ പറഞ്ഞു.