m
മൂലത്തറ ഡാം. (ഫയൽ ഫോട്ടോ)​

കൊഴിഞ്ഞാമ്പാറ: ജില്ലയിലെ മഴനിഴൽ പ്രദേശങ്ങളിലെ കർഷകരുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമിട്ട് മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പദ്ധതിക്ക് തുടക്കമാകുന്നു. സ്ഥലമെടുപ്പും ടെണ്ടർ നടപടിയും പൂർത്തിയാക്കിയ പദ്ധതി പ്രഖ്യാപനം 18ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്, എ.കെ.ബാലൻ, രമ്യ ഹരിദാസ് എം.പി പങ്കെടുക്കും.

കെ.ഐ.ഐ.ഡി.സി.ക്കാണ് നിർമ്മാണ മേൽനോട്ടം. 64 കോടി ചെലവിട്ട് നവീകരിച്ച മൂലത്തറ റെഗുലേറ്ററിന്റെ വലതുകരയിലെ കോരയാർ വരെയുള്ള കനാൽവരട്ടയാർ വരെ ഒന്നാംഘട്ടമായി ദീർഘിപ്പിക്കും. ഇതിലൂടെ 20,440 ഹെക്ടർ മഴനിഴൽ പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരമാകും.

2016-17 ബഡ്ജറ്റിൽ കനാൽ ദീർഘിപ്പിക്കൽ പ്രഖ്യാപിച്ചതോടെയാണ് നടപടി വേഗത്തിലായത്. കിഫ്ബി 262.10 കോടി അനുവദിച്ച് ഭരണാനുമതി നൽകി. 6.43 കി.മീ കനാൽ നിർമ്മിച്ച് 2.8 മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ ജലമെത്തിക്കും. 660 മീറ്റർ ദൂരം ടണലുണ്ടാകും. കനാലിന്റെ അവസാന ഭാഗത്തുൾപ്പെടെ മൂന്നിടത്തുനിന്ന് അധികജലം സ്വാഭാവിക ജലസ്രോതസുകളിലേക്ക് തുറന്നുവിടും. വരട്ടയാർ മുതൽ വേലന്താവളം വരെ രണ്ടാംഘട്ട ദീർഘിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കുന്നതിന് 12 കോടി വകയിരുത്തി.

മഴ നിഴലിൽ നിന്ന് ജലസമൃദ്ധിയിലേക്ക്

കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതിയിലൂടെ മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, എരുത്തിയാമ്പതി, വടകരപ്പതി മേഖല കാലങ്ങളായി നേരിടുന്ന ജലക്ഷാമത്തിനാണ് പരിഹാരമാകുന്നത്. നിലവിലുള്ള ചെക്ഡാമുകളിലും കോരയാറിലെയും വരട്ടയാറിലെയും നൂറുവർഷത്തിലേറെ പഴക്കമുള്ള കല്യാണ കൃഷ്ണയ്യർ, പോൾസൂസ എന്നിവയടക്കം പത്തിലേറെ സിസ്റ്റങ്ങളിലും ഈ കനാൽ വഴി നിറയ്ക്കും.

ഡ്രിപ് ഇറിഗേഷനിലൂടെ 70% വെള്ളം ലാഭിക്കാനും വിളവ് ഇരട്ടിയാക്കാനും സാധിക്കും. ഉയരം കൂടിയ ഭാഗങ്ങളിൽ ലിഫ്‌റ്റ് ഇറിഗേഷൻ വഴി വെള്ളമെത്തിക്കും. 3575 ഹെക്ടർ ഭൂമിയിൽ സുസ്ഥിര ജലസേചനമാണ് ലക്ഷ്യം. നിലവിലുള്ള വലതുകര കനാലിലെ പ്രവർത്തന രഹിതമായ സ്ലൂയിസുകളുടെ സ്ഥാനത്ത് പുതിയവ നിർമ്മിക്കും. പദ്ധതി രൂപകല്പനയ്ക്ക് വിവിധ കാർഷിക സർവകലാശാലകളുമായി കൈകോർക്കും.

ഏറ്റെടുത്തത് 6.47 ഹെക്ടർ

കനാൽ ദീർഘിപ്പിക്കലിനായി 6.47 ഹെക്ടർ സ്ഥലമാണ് മോഹവില നൽകി ഏറ്റെടുത്തത്. 12.6 കോടി ഇതിന് ചെലവായി. ഏക്കറിന് 82 ലക്ഷം വരെ വിലയും ഒരു തെങ്ങിന് 20,000 വീതം നഷ്ടപരിഹാരവും നൽകി.

ഇത് ചരിത്രം

വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ താമസമുണ്ടാകരുതെന്നും ഉടമകൾക്ക് നഷ്ടം സംഭവിക്കരുതെന്നുമുള്ള സർ‌ക്കാർ നയം പൂർണമായി പാലിച്ചാണ് സ്ഥലമേറ്റെടുത്തത്. സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്രയും വിലയ്ക്ക് ഭൂമി ഏറ്റെടുത്ത ചരിത്രമില്ല.

-മന്ത്രി കെ.കൃഷ്ണൻകുട്ടി.