നെല്ലിയാമ്പതി: മഴക്കാടുകളിലും നിത്യഹരിത വനങ്ങളിലും കൂടുതലായി കാണുന്ന സിംഹവാലൻ കുരങ്ങുകൾ ചുരം പാതയിൽ സജീവമാകുന്നു. സാധാരണ വനത്തിനകത്ത് മാത്രം കാണുന്ന കുരങ്ങുകളാണ് ഇപ്പോൾ ചെറുനെല്ലി മുതൽ അയ്യപ്പൻ തിട്ട് വരെയുള്ള ഭാഗങ്ങളിൽ കൂട്ടമായി കാണുന്നത്.
വാനരപ്പടയുടെ അഭ്യാസികളായ ഇവയെ കൂട്ടമായി കാണുന്നത് അപൂർവമാണ്. പശ്ചിമഘട്ട മലനിരകളിൽ വംശനാശ ഭീഷണി നേരിടുന്നവയാണ് ഇവ.
പോത്തുണ്ടി മുതൽ കൈകാട്ടി വരെ ചുരം പാതയിൽ ഇവയെ കാണാൻ തുടങ്ങിതോടെ സഞ്ചാരികളും ആസ്വദിക്കുകയാണ്. സഞ്ചാരികൾ വഴിയരികിൽ ഇവയ്ക്ക് ഭക്ഷണം നൽകാൻ തുടങ്ങിതോടെ ഓരോ വാഹനം കടന്നുപോകുമ്പോഴും അതിന് പുറകിൽ കാത്തുനിൽപ്പാണ്.
കുണ്ടറച്ചോലയ്ക്ക് മുകൾ ഭാഗത്തായാണ് 50ൽ അധികം വരുന്ന സിംഹവാലൻമാരുടെ കൂട്ടം കാണുന്നത്. സാധാരണ കുരങ്ങന്മാർ കാണുന്നയിടങ്ങളിൽ ഇവ അധികം നിൽക്കാറില്ല.
വെടിപ്ലാവിന്റെ പൂക്കളിലുള്ള തേൻ തേടിയാണ് ഇവ വനാതിർത്തികൾ കടന്ന് എത്തിയതെന്നാണ് വനപാലകർ പറയുന്നത്. കാട്ടുചക്ക ഉണ്ടാകുന്ന സമയത്താണ് ഇവ കൂടുതലും പുറത്തേക്ക് വരുന്നത്. സ്ഥിരമായി വാഹനങ്ങൾ കണ്ടതോടെ ഇവ പേടിയില്ലാതെ പാതയോരങ്ങളിൽ നിൽക്കുന്നതും പതിവായി.