s
സുൽത്താൻപേട്ട ജംഗ്ഷൻ നവീകരണം ആരംഭിച്ചപ്പോൾ.

പാലക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സുൽത്താൻപേട്ട ജംഗ്ഷൻ റോഡ് വീതികൂട്ടലിന് തുടക്കമായി. ജംഗ്ഷനിൽ നിരവധി ട്രാഫിക് പരിഷ്കാരം നടത്തിയെങ്കിലും അതൊന്നും

കുരുക്കഴിച്ചില്ല. തുടർന്നാണ് റോഡ് വീതികൂട്ടുന്നതിനൊപ്പം ട്രാഫിക് സംവിധാനം പരിഷ്‌കരിക്കുന്നതടക്കമുള്ള നടപടി. നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജംഗ്ഷൻ നവീകരിക്കുന്നത്.

സ്റ്റേഡിയം റോഡിൽ നടപ്പാത ഉൾപ്പെടെ അഴുക്കുചാൽ നവീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വികസന പ്രവർത്തിയുടെ ഭാഗമായി ജംഗ്ഷനിൽ പഴയ സിഗ്നൽ കൺട്രോൾ റൂം, ടെലിഫോൺ കേബിൾ ബോക്സ് കെട്ടിടം എന്നിവ പൊളിച്ചുമാറ്റി. ഇതോടെ റോഡിന്റെ വീതി ഒന്നര മീറ്റർ വികസിപ്പിക്കാം. അഗ്നിശമനസേന വെള്ളം നിറക്കാൻ ഉപയോഗിച്ചിരുന്ന ഹൈഡ്രന്റ് വാൽവും വൈദ്യുതി തൂണും മിനി ഹൈമാസ്റ്റ് ലൈറ്റുകളും മാറ്റി സ്ഥാപിക്കും. ഇതിനായി നഗരസഭ കെ.എസ്.ഇ.ബിയിൽ അപേക്ഷ നൽകും.

മാർച്ചിൽ പൂർത്തിയാകും

50 ലക്ഷത്തിന്റെ പ്രവർത്തനമാണ് നടക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ കോൺക്രീറ്റ് ആരംഭിക്കും. ഇതിന്റെ ഭാഗമായി വലിയ മെഷീനുകൾ റോഡിൽ നിറുത്തുമ്പോൾ വാഹനങ്ങൾ പോകാൻ സാധിക്കില്ല. അതിനാൽ രാത്രിയാണ് പ്രവർത്തനം നടക്കുക. മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനാണ് ശ്രമം.

-സ്മിത, എ.ഇ, പാലക്കാട് നഗരസഭ.