manpathram
കുളപ്പുള്ളിക്ക് സമീപം മൺപാത്രം നിർമ്മിക്കുന്ന തൊഴിലാളി.

ഷൊർണൂർ: വിപണിയിലെ പ്രതിസന്ധിയും അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയും ലഭ്യതക്കുറവും മൂലം പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾ ദുരിതത്തിൽ. ഒരു കാലത്ത് പെരുമയുടെ കഥ മാത്രമായിരുന്നു മേഖലയ്ക്ക് പറയാനുണ്ടായിരുന്നത്. വിപണന സാദ്ധ്യത കൂടുതലായിരുന്ന കാലത്ത് കുടുംബാംഗങ്ങളെല്ലാം കുലത്തൊഴിലിൽ ഏർപ്പെട്ടു. മൺപാത്രങ്ങൾ ലോഡ് കണക്കിനാണ് പലയിടങ്ങളിലേക്കും കയറ്റിയയച്ചിരുന്നത്. കൂടാതെ തൊഴിലാളികൾ തന്നെ വീടുകൾ കയറിയിറങ്ങിയും വില്പന നടത്തി. വീടും അതിനോട് ചേർന്ന ചൂളയുമായിരുന്നു സമ്പാദ്യം.

ഇന്നതെല്ലാം മാറി. ഇടതടവില്ലാതെ കനലെരിഞ്ഞിരുന്ന കുശവന്റെ ചൂളയിൽ ദുരിതപ്പുക ഉയരുകയാണ്. അടുക്കളകളിൽ ഗ്യാസടുപ്പ് സ്ഥാനം പിടിച്ചതോടെ മൺപാത്ര ആവശ്യം കുറഞ്ഞു. പൂച്ചട്ടി, കൂജ, കള്ളുമാട്ടം, പാനി, കരകൗശല വസ്തുക്കൾ എന്നിവയും ഒരുക്കിയിരുന്നു. പ്ലാസ്റ്റിക്ക് പൂച്ചട്ടികൾ സ്ഥാനം പിടിച്ചതോടെ ആവശ്യക്കാരില്ലാതായി. കച്ചവടം ജീവന്മരണ പോരാട്ടമായിരിക്കെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ കളിമണ്ണ് ലഭ്യമല്ലാതായതോടെ പ്രതിസന്ധി കൂടി.

പണി പഠിച്ചവരും മേഖല കൈയൊഴിയുകയാണ്. കൂലിക്കുറവ് കാരണം പുതുതലമുറ രംഗത്തില്ല. കുടുംബത്തിലെ ഒരാൾ മാത്രമാണിപ്പോൾ തൊഴിലിലേർപ്പെടുന്നത്.

അസംസ്കൃത വസ്തുക്കൾക്ക് അമിത വില

മുമ്പ് നിരവധി പേർ ചേർന്ന് ലോറിയിൽ മണ്ണെടുത്ത് വന്നിരുന്നു. ഇപ്പോൾ ഇടനിലക്കാർ മുഖേന അമിത വില നൽകിയാണ് മണ്ണ് ശേഖരിക്കുന്നത്. വിറക്, പുല്ല് എന്നിവയ്ക്കും വിലയുയർന്നു. ചൂളയ്ക്ക് വച്ചാൽ മുക്കാൽ ഭാഗം മാത്രമാണ് ശരിയായി ലഭിക്കുക. ചൂളയ്ക്ക് വയ്ക്കലനും ഉണക്കലിനും കൂടി രണ്ടുദിവസത്തെ അദ്ധ്വാനമുണ്ട്. വിപണനത്തിന് സ്വയം തയ്യാറായാൽ തലച്ചുമടായി പോണം. മൊത്തക്കച്ചവടക്കാർക്ക് നൽകുകയാണെങ്കിൽ പകുതി വിലയിലും താഴയേ ലഭിക്കൂ. മഴക്കാലത്ത് തൊഴിലെടുക്കാൻ പ്രയാസമാണ്.

സർക്കാർ ഇടപെടണം

2018 മുതൽ കച്ചവടം മന്ദഗതിയിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ കടുത്ത പ്രതിസന്ധിയായി. പ്രശ്നങ്ങൾ സർക്കാരിടപെട്ട് പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അസംസ്കൃത വസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കുക. വിപണനകേന്ദ്രം ഒരുക്കുക. നിർമ്മാണത്തിൽ കാലോചിതമായി മാറ്റം വരുത്തുക എന്നിവയും നടപ്പാക്കണം. ഇല്ലെങ്കിൽ പ്രതീക്ഷയുടെ കനലും കരിയായി മാറും.