town
ചെർപ്പുളശ്ശേരി ടൗൺ.

ചെർപ്പുളശ്ശേരി: കിഫ്ബിയിൽ ഉൾപ്പെടുത്തി നഗര നവീകരണവും ബൈപ്പാസും നടപ്പാക്കും. കിഫ്ബി യോഗത്തിൽ പദ്ധതിക്ക് സാമ്പത്തികാനുമതി ലഭിച്ചു. നഗരത്തിന്റെ സ്വപ്ന പദ്ധതിയായാണ് ഇത് കണക്കാക്കുന്നത്.

നേരത്തെ നഗരത്തിൽ മേല്പാലം നിർമ്മിക്കാനായിരുന്നു പദ്ധതിയെങ്കിലും നടപ്പിലാക്കേണ്ടതില്ലെന്ന് യു.ഡി.എഫ് അടക്കമുള്ള രാഷ്ട്രീയ കക്ഷികളും വ്യാപാരികളും അഭ്യർത്ഥിച്ചതിനെ തുടർന്നാണ് സർവകക്ഷി യോഗ തീരുമാന പ്രകാരം പദ്ധതിയിൽ മാറ്റം വരുത്തിയത്. മേല്പാലത്തിന് പകരമായി ബൈപ്പാസ് നടപ്പാക്കുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

പുത്തനാൽക്കൽ, കാഞ്ഞിരപ്പുഴ റോഡ് ബൈപ്പാസ്, നഗരസഭ മുതൽ ഒറ്റപ്പാലം ജംഗ്ഷൻ വരെ നാലുവരി പാത, ഡിവൈഡർ, തെരുവുവിളക്കുകൾ, ബസ് സ്റ്റാന്റ് പരിസരത്ത് ഓട്ടോ സ്റ്റാന്റ്, കച്ചേരിക്കുന്ന് മുതൽ ഒറ്റപ്പാലം റോഡ് ജംഗ്ഷൻ വരെയും നഗരസഭ മുതൽ നെല്ലായ സിറ്റി വരെയും രണ്ടുവരി പാത, ഹൈസ്‌കൂൾ ജംഗ്ഷനിൽ സ്‌കൈ വാക്ക്, നഗര സൗന്ദര്യവത്കരണം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്.

പദ്ധതി ഉടൻ

പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് ഉൾപ്പടെ 39 കോടിയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ ഉൾപ്പടെയുള്ള നടപടി ആരംഭിക്കും.

-പി.കെ.ശശി എം.എൽ.എ