
പാലക്കാട്: ചന്തമുള്ള വീടു കണ്ടാൽ ആരും ഒന്നു നോക്കും. പക്ഷേ, പാടാൻ തോന്നുമോ? പറളി ഓടന്നൂരിലെ ഈ വീടുകണ്ടാൽ മൂളിപ്പാട്ടെങ്കിലും ഉള്ളിലുണരും. മൊത്തം സംഗീതമയം. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഖത്തറിലെ സംഗീതാദ്ധ്യാപകനായ ബിദുലിന്റെ ഈ വീട്.
വീട്ടുപേര് സാവേരി. മുറ്റത്ത് സന്തൂറിന്റെ മാതൃകയിലുള്ള കിണർ. സൗണ്ട് ബോക്സുകളുടെ മാതൃകയിലുള്ള വീടിന്റെ മുൻവശത്ത് 25 അടി ഉയരമുള്ള വയലിൻ. രണ്ടാമത്തെ നിലയിലെ സിറ്റൗട്ടിൽ കീബോർഡ്. രൂപകല്പനയിലാകെ കലയും സംഗീതവും മേളിച്ചുനില്ക്കുന്നു.
2017ൽ ഓടന്നൂരിൽ അഞ്ച് സെന്റ് സ്വന്തമാക്കിയതോടെയാണ് വീടെന്ന സ്വപ്നത്തിന് ബിദുൽ അടിത്തറ പാകിയത്. വീടിന് സംഗീതവുമായി ബന്ധമുണ്ടാകണം. അതായിരുന്നു ബിദുലും കുടുംബവും ആഗ്രഹിച്ചത്. ആർക്കിടെക്ട് അജിത്തുമായി ആശയം പങ്കുവച്ചു. വിദേശ രാജ്യത്തുകണ്ട ഒരു മ്യൂസിക് സ്റ്റ്യുഡിയോയുടെ മാതൃക ആർക്കിടെക്ട് കാണിച്ചതോടെ സന്തോഷമായി. ബഡ്ജറ്റ് വിലയിരുത്തലിനുശേഷം ഉടനെ നിർമ്മാണം തുടങ്ങിയെങ്കിലും കഴിഞ്ഞമാസമാണ് ഗൃഹപ്രവേശനം നടത്താനായത്.
36 ലക്ഷത്തോളം രൂപ മുടക്കി നിർമ്മിച്ച രണ്ടുനില വീടിന് 1780 ചതുരശ്രയടി വിസ്തീർണമുണ്ട്. ഹാൾ, മൂന്ന് ബെഡ്റൂമുകൾ, അടുക്കള, പൂജാമുറി, ഡൈനിംഗ് ഹാൾ എന്നിവയും പുറത്ത് വർക്ക് ഏരിയയുമുണ്ട്. യഥേഷ്ടം കാറ്റും വെളിച്ചവും കിട്ടുന്ന രീതിയിലാണ് ഓരോ മുറിയുടെയും ക്രമീകരണം. മ്യൂസിക്കൽ തീമിൽ നിർമ്മിച്ചിട്ടുള്ള വീടിന് പുറംകാഴ്ചയിൽ ആർഭാടം തോന്നുമെങ്കിലും കടുംനിറങ്ങളൊഴിവാക്കി വെള്ളയുടെ ലാളിത്യത്തിലാണ് അകത്തളങ്ങൾ. സ്റ്റെയർകേസിൽ മ്യൂസിക്കൽ നൊട്ടേഷനുകളും പൂജാമുറിയുടെ ചുവരിൽ മ്യൂറൽ പെയിന്റിംഗും ആലോചനയിലുണ്ട്.
പൂജാമുറിയുടേത് ഒഴിച്ചുള്ള വാതിലുകളെല്ലാം സ്റ്റീലുകൊണ്ടുള്ളതാണ്. വി.പി.വി.സി സാങ്കേതിക സംവിധാനത്തിലാണ് ജനലുകൾ. ഓട്ടോമൊബൈൽ ഷീറ്റുകൊണ്ട് നിർമ്മിച്ച വയലിന്റെ ഉള്ള് ശൂന്യമാണ്. ബൈഡ് റൂമുകളിലെ ജനൽ തുറക്കുന്നിടത്താണ് സൗണ്ട് ബോക്സിലെ നെറ്റിന്റെ സ്ഥാനം.
സംഗീതഭവനം
ഓടന്നൂർ സ്വദേശിയായ ബിദുൽ പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ ഗാനഭൂഷണം പൂർത്തിയാക്കിയശേഷം വാണിയംകുളം എൽ.പി സ്കൂളിൽ അദ്ധ്യാപകനായിരുന്നു. 2014ലാണ് ഖത്തറിലെ ഭവൻസ് ഇന്റർനാഷ്ണൽ സ്കൂളിൽ സംഗീതാദ്ധ്യാപകനായത്. സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരിയും സംഗീതത്തിൽ ഡോക്ടറേറ്റുമുള്ള ഭാനുമതിയുടെയും വി.പി. ബാലകൃഷ്ണന്റെയും മകൾ ഷബ്നയാണ് ഭാര്യ. മകൾ സാവേരി ബിരുദ വിദ്യാർത്ഥിയാണ്.