
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വെള്ളിനേഴി
ചെർപ്പുളശ്ശേരി: സ്വരാജ് ട്രോഫിയുടെ തിളക്കത്തിൽ വീണ്ടും വെള്ളിനേഴി പഞ്ചായത്ത്. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വെള്ളിനേഴിയെ തിരഞ്ഞെടുത്തു. 2019-20 വർഷ പ്രവർത്തനാംഗീകാരമായാണ് അവാർഡ്. 2018-19 വർഷം ജില്ലയിൽ രണ്ടാംസ്ഥാനം നേടിയിരുന്നു.
കാർഷിക മേഖലയിൽ ഒരു വിള നെല്ല് ഒരു വിള ചേന പദ്ധതി പ്രകാരം തരിശുരഹിത പഞ്ചായത്താക്കി മാറ്റാൻ കഴിഞ്ഞതും നെല്ലുല്പാദനവും കൃഷി വിസ്തൃതിയും കൂട്ടാൻ കഴിഞ്ഞതും ശ്രദ്ധേയമായി. വയോ-ഭിന്നശേഷി സൗഹൃദം, ബാലപഞ്ചായത്ത് എന്നീ നേട്ടങ്ങളും ലഭിച്ചു. സ്‌നേഹസ്പർശം പാലിയേറ്റീവ് പദ്ധതി മാതൃകാപരമാണ്. സമ്പൂർണ്ണ മാലിന്യമുക്തം, ശുചിത്വപദവി, പച്ചത്തുരുത്ത്, ഹരിതകേരളം, ജൈവവൈവിദ്ധ്യ പരിപാലനം എന്നിവയും നേട്ടത്തിന് അർഹമാക്കി. നൂറുമേനി വിഭവ സമാഹരണവും പദ്ധതി നിർവഹണവും തുടർച്ചയായി കൈവരിച്ചു.
രണ്ട് ഹെൽത്ത് സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. സമ്പൂർണ്ണ രോഗപ്രതിരോധ കുത്തിവെപ്പ് നടത്തി. ഹൃദയപൂർവം വെളളിനേഴി, വാത്സല്യം വെള്ളിനേഴി തുടങ്ങിയ പദ്ധതി ഫലപ്രദമായി നടപ്പാക്കി. 19 അംഗൻവാടികൾ ശിശുസൗഹൃദമാക്കി. രണ്ട് ജി.എൽ.പി.എസുകൾ സ്മാർട്ടായി. രണ്ട് ഹയർ സെക്കന്ററി സ്‌കൂളുകളും നൂറുമേനി ജയം കൈവരിച്ചു.
കലാഗ്രാമം സാംസ്‌കാരിക സമുച്ചയം, റൂറൽ ആർട്ട് ഹബ്, പട്ടിയ്ക്കാംതൊടി രാവുണ്ണി മേനോൻ സ്മാരക നിർമ്മാണം എന്നിവയെല്ലാം ശ്രദ്ധയാകർഷിച്ചു. ആധുനിക രീതിയിൽ സജ്ജീകരിച്ച പഞ്ചായത്തോഫീസും ഘടക സ്ഥാപന നിലവാരമുയർത്തലും പ്രത്യേകതകളാണ്.
ശ്രീകൃഷ്ണപുരത്തിന് പത്തൊമ്പതാം പുരസ്കാരം
ശ്രീകൃഷ്ണപുരം: മികവിന്റെ പാതയിൽ മുന്നോട്ട് കുതിക്കുന്ന ശ്രീകൃഷ്ണപുരത്തിന് വീണ്ടും ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി. 2001-02 മുതൽ 19-ാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. 2002-03, 2008-09, 2017-18 വർഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.
പദ്ധതി വിഹിതം ചെലവഴിച്ചതും കാര്യക്ഷമമായി വിനിയോഗിച്ചതിലുമാണ് പഞ്ചായത്ത് മുൻനിരയിലെത്തിയത്. ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. ഹരിത കേന്ദ്രം, വിദ്യാഭ്യാസ സഹായം, ജൈവവൈവിധ്യം, അർബുദ നിർണയ ക്യാമ്പ്, സമ്പൂർണ അയൽക്കൂട്ട പ്രഖ്യാപനം, ബാലമിത്ര, കാരുണ്യ പദ്ധതി, രക്തദാന ഡയറക്ടറി, പാലിയേറ്റീവ് പ്രവർത്തനം തുടങ്ങിയവയിൽ ശ്രീകൃഷ്ണപുരം മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയാണ്.
സമ്പൂർണ പെൻഷൻ ഗ്രാമം പദ്ധതി സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു. പൗരാവകാശ രേഖ പ്രകാശനം, ഫ്രണ്ട് ഓഫീസ് കമ്പ്യൂട്ടർവൽക്കരണം, ആശ്രയ പദ്ധതി എന്നിവയുടെ കൃത്യമായ നടത്തിപ്പ്, പെൻഷൻ തീർപ്പാക്കൽ, ഗ്രാമസഭ സംഘാടനം, 100% നികുതി പിരിക്കൽ, പുതിയ പദ്ധതി ആവിഷ്കരണം എന്നിവയ്ക്ക് പുറമേ വാർഷിക പദ്ധതി ഫണ്ടിന്റെ പരമാവധി വിനിയോഗം തുടങ്ങിയവയാണ് ഈ വർഷവും ശ്രീകൃഷ്ണപുരത്തെ മുന്നിലെത്തിച്ചത്.