
മണ്ണാർക്കാട്: തുടർച്ചയായി രണ്ടുവട്ടം കൈവിട്ട മണ്ഡലം എന്തുവില കൊടുത്തും തിരിച്ചുപിടിക്കാനൊരുങ്ങി ഇടതുമുന്നണി. ഇതിന്റെ ഭാഗമായി സി.പി.എം-സി.പി.ഐ നേതാക്കൾ അസ്വാരസ്യമില്ലാതാക്കാൻ മഞ്ഞുരുകൽ പ്രസ്താവനകളുമായി മുന്നോട്ട് വന്നു.
തുടർഭരണം പ്രതീക്ഷിക്കുന്ന മുന്നണിയെ സംബന്ധിച്ച് ഓരോ സീറ്റും നിർണായകമായതിനാൽ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ട് മണ്ഡലം തിരിച്ചു പിടിക്കണമെന്നതാണ് സംസ്ഥാന നേതാക്കൾ നൽകിയിരിക്കുന്ന നിർദ്ദേശം. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് സി.പി.എമ്മു.മായി സ്ഥായിയായ ഒരു പ്രശ്നവുമില്ലെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
പാലക്കാട്ടെ വ്യവസായി ഐസക് വർഗീസ് സഭയുടെ പിന്തുണ അവകാശപ്പെട്ട് സ്ഥാനാർത്ഥിത്വത്തിനായി രംഗത്ത് വന്നത് വിവാദമായെങ്കിലും സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ ഇക്കാര്യം തള്ളിയതോടെ വിഷയം അടഞ്ഞ അദ്ധ്യായമായി. ഇതിനിടെ സി.പി.ഐ ജില്ലാ നേതൃത്വം പാലക്കാട് ബിഷപ്പ് മനത്തോടത്തിനെ നേരിൽ കണ്ട് സാഹചര്യം വ്യക്തമാക്കിയതായും സൂചനയുണ്ട്.
വരുമോ സി.പി.ഐ.യുടെ യുവ സ്ഥാനാർത്ഥി
പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലമായിട്ടും തുടർച്ചയായി പരാജയം നേരിട്ടത് സി.പി.ഐ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ മണ്ഡലം തിരിച്ചുപിടിക്കാൻ യുവാക്കളെ രംഗത്തിറക്കണമെന്ന ആവശ്യം സജീവമാണ്. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് നൗഷാദ്, ജില്ലാ സെക്രട്ടറിയേറ്റംഗം സുരേഷ് കൈതച്ചിറ, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കബീർ എന്നിവരുടെ പേര് ഉയരുന്നുണ്ട്.
കഴിഞ്ഞ തവണ മുഹ്സിനെ മുൻനിറുത്തി പട്ടാമ്പി പിടിച്ചെടുത്തതും ഈ നീക്കത്തിന് ആക്കം കൂട്ടുന്നു. യുവരക്തത്തെ കളത്തിലിറക്കിയാൽ തിരഞ്ഞെടുപ്പ് പ്രവർത്തനം കൂടുതൽ ഊർജ്ജിതമാകുമെന്നും മുന്നണിക്കപ്പുറമുള്ള വോട്ടും നേടാമെന്നും നേതൃത്വം കരുതുന്നു. ഇക്കാര്യത്തിൽ സി.പി.എം നിലപാടും സി.പി.ഐ തേടും. ജില്ലാ കമ്മിറ്റി നിർദ്ദേശത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കും.