e

മലമ്പുഴ: കാട്ടാനകളുടെ വിളയാട്ടം മലമ്പുഴയിൽ വ്യാപക നാശനഷ്ടം വരുത്തി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി കാട്ടാനകൾ രണ്ട് വീടുകളുടെ ചായ്പ്, തെങ്ങ്, വാഴ, നെൽകൃഷി ഉൾപെടെ വ്യാപകമായി നശിപ്പിച്ചു.

ആരക്കോട്, കുനുപുള്ളി, കാരക്കാട്, തുപ്പള്ളം, കാഞ്ഞിരക്കടവ് പ്രദേശത്താണ് ഒറ്റായാൻ നാശനഷ്ടമുണ്ടാക്കിയത്. ചൊവ്വാഴ്ച രാത്രിയിറങ്ങിയ ആന ബുധനാഴ്ച രാവിലെ ഏഴുവരെ നാട്ടിലിറങ്ങി വിലസി.

കുനുപുള്ളിയിലെ ചന്ദ്രന്റെ തൊടിയിൽ കയറിയ ആന വീടിനോട് ചേർന്നുള്ള ചായ്പിടിച്ച് നിരത്തി. ആരക്കോട് രാധകൃഷ്ണന്റെ വീടിന്റെ സിമന്റ് ഷീറ്റ് തട്ടിപ്പൊട്ടിച്ചു. വീടിനോട് ചേർന്ന് നിർമ്മിച്ച ഓലപ്പുര തള്ളി താഴെയിട്ടു. കെ.വി.മുത്തുവിന്റെ ഒരേക്കർ വരുന്ന നെൽകൃഷി ചവിട്ടിമെതിച്ചു. പങ്കജത്തിന്റെ തെങ്ങ്, ബാലൻ, കണ്ണൻ, രുഗ്മണി, പത്മാവതി, ചെല്ലൻ എന്നിവരുടെ നെല്ലും തെങ്ങും വ്യാപകമായി നശിപ്പിച്ചു. കാഞ്ഞിരകടവ് മണി, രാജേഷ് എന്നിവരുടെ വാഴയും വൈദ്യുതി പോസ്റ്റും തകർത്തു. രാവിലെ ആളുകൾക്ക് നേരെ ആന പാഞ്ഞടുത്തെങ്കിലും തലനാരിഴയ്ക്കാണ് പലരും രക്ഷപെട്ടത്.

ബുധനാഴ്ച രാത്രി മറ്റൊരാന പുഴ നീന്തി കടന്ന് മലമ്പുഴ-പാലക്കാട് റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് യാത്രക്കാർ ആനയുടെ മുന്നിൽപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, വൈസ് പ്രസിഡന്റ് സുമലത, സെക്രട്ടറി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പ്രദേശം സന്ദർശിച്ചു.