
കേരളം ഇന്ന് ആരോഗ്യ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ്. കുറഞ്ഞ പ്രതിശീർഷ വരുമാനത്തിൽ നിന്നുകൊണ്ട് നമ്മുടെ സംസ്ഥാനം ആരോഗ്യത്തിന്റെ മികച്ച സൂചകങ്ങൾ നേടിയെടുക്കുമ്പോഴാണ് അതിർത്തിഗ്രാമങ്ങളിൽ ചികിത്സാ സൗകര്യങ്ങളുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നത് നാം തിരിച്ചറിയേണ്ടത്. നെല്ലറയെന്ന് അറിയപ്പെടുന്ന പാലക്കാടിന്റെ കിഴക്കൻ മേഖലയാണ് ചിറ്റൂരും അതിർത്തി പ്രദേശങ്ങളും. ഒരു താലൂക്ക് ആശുപത്രിയും ആറ് പ്രാഥമികാരോഗ്യകേന്ദ്രവും രണ്ട് സാമൂഹ്യ ആരോഗ്യകേന്ദ്രവുമുണ്ടെങ്കിലും ഇവയെല്ലാം രോഗികളെ മറ്റിടങ്ങളിലേക്ക് റെഫർ ചെയ്യുന്നിടം മാത്രമായിരുന്നു എന്നതാണ് ഭൂതകാല അനുഭവങ്ങൾ. സാമൂഹികവും സാമ്പത്തികവുമായി ഏറെ പിന്നാക്കം നിൽക്കുന്ന ജനതയുടെ ആരോഗ്യം വീണ്ടെടുക്കാൻ വെറും തൊലിപ്പുറത്തെ ചികിത്സകൊണ്ട് കഴിയില്ല, വേണ്ടത് ആഴത്തിലിറങ്ങിയുള്ള പഠനങ്ങളും പ്രായോഗിക പരിഹാരവുമാണ്. ചിറ്റൂർ താലൂക്ക് ആശുപത്രി നവീകരണത്തിലൂടെ നമ്മുടെ ഭരണകൂടത്തിന് അതിന് കഴിയണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
സഹ്യപർവതത്തിനടുത്ത് കേരളവും തമിഴ്നാടും കൈകോർക്കുന്നിടമാണ് ചിറ്റൂർ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാംസ്കാരികപരമായ വൈവിദ്ധ്യവും ചിറ്റൂരിനെ വേറിട്ടതാക്കുന്നുണ്ടെങ്കിലും മുഖ്യധാര സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ എവിടെയോ ആയിരുന്നു ഇന്നാട്ടുകാരുടെ സ്ഥാനം. ആഗോള ഭീമൻ കമ്പനിയായ കൊക്കക്കോളയെ മുട്ടുകുത്തിച്ച ഒരു ജനത അവർക്ക് ന്യായമായും ലഭിക്കേണ്ട നഷ്ടപരിഹാരത്തിനായി ഇപ്പോഴും പോരാട്ടം തുടരേണ്ടിവരുന്നത് അതിന്റെ തെളിവാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആരോഗ്യപരവുമായ പിന്നാക്കവസ്ഥയാണ് ചിറ്റൂരിന്റെ സാമൂഹിക ചുറ്റുപാടുകളെ ഇക്കാലമത്രയും വരിഞ്ഞുമുറുക്കിയത്. രണ്ട് സർക്കാർ കോളേജുകൾ, ഐ.ടി.ഐ, പോസ്റ്റ് - പ്രീമെട്രിക് ഹോസ്റ്റുകൾ എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിക്കാനുള്ള ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ മാറ്റം സമൂഹത്തിൽ പ്രകടവുമാണ്. ഇനിവേണ്ടത് ആരോഗ്യമേഖലയിലെ ജീവൻ വീണ്ടെടുക്കുക എന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെല്ലാം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ കഴിഞ്ഞുവെന്നത് പ്രതീക്ഷയേകുന്നുണ്ടെങ്കിലും അതിനൊരു തുടർച്ചയാണ് പൊതുജനം ആഗ്രഹിക്കുന്നത്.
മെഡിക്കൽ കോളേജിന്റെ മികവിലേക്ക് താലൂക്ക് ആശുപത്രി
2011 മുതൽ 15 വരെയുള്ള കാലഘട്ടത്തിൽ അട്ടപ്പാടിയിൽ പോഷകാഹാരക്കുറവ് മൂലം ആകെ 85 ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആ കാലയളവിൽ ചിറ്റൂരിലും 84 കുഞ്ഞുങ്ങൾ മരണപ്പെട്ടിരുന്നു. ആറ് പഞ്ചായത്തുകളും ചിറ്റൂർ - തത്തമംഗലം നഗരസഭയും ഉൾപ്പെടുന്ന ഈ മേഖല അട്ടപ്പാടിയോളം ട്രൈബൽ സ്വഭാവമുള്ള പ്രദേശമല്ല, എന്നിട്ടും ശിശുമരണങ്ങളുടെ ഈ കണക്ക് അമ്പരപ്പിക്കുന്നതാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ അട്ടപ്പാടിയിലേക്ക് കോടികൾ ഒഴുക്കിയപ്പോൾ ചിറ്റൂർ ചിത്രത്തിൽ പോലുമുണ്ടായിരുന്നില്ലെന്നതാണ് വസ്തുത. മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് 12 പേർ ടി.ബി ബാധിച്ച് മരിച്ചപ്പോൾ അതിൽ ഒൻപത് പേരും ചിറ്റൂരിൽ നിന്നുള്ളവരായിരുന്നു എന്നത് ദൗർഭാഗ്യകരമായിരന്നു. ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് ആശ്രയമാകേണ്ട ആതുരാലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുകയെന്നത് അടിയന്തര പ്രധാനമുള്ള വിഷയമാണെന്ന് ഭരണകൂടത്തിന് തോന്നിയത്.
അദ്യഘട്ടമെന്ന നിലയ്ക്ക് ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും തസ്തികകൾ നികത്തി. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി. സി.എച്ച്.സികളിലെ ഓ.പി സമയം വൈകീട്ട് ആറുവരെയാക്കി ഉയർത്തിയതും മികച്ച ഇടപെടലുകളാണ്. ചിറ്റൂരിലെ മൂന്നുലക്ഷത്തോളം വരുന്ന സാധാരണജനങ്ങൾക്ക് മികച്ച ചികിത്സ സൗജന്യമായി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം വിഭാവനം ചെയ്തിരിക്കുന്നത്. പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങളോടെയുള്ള ആശുപത്രിയായി ഇത് മാറുമെന്നാണ് പ്രതീക്ഷ. താലൂക്ക് ആശുപത്രിയുടെ നവീകരണത്തിന് 74.51 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 70.51 കോടി രൂപയുടെ സാമ്പത്തിക പിന്തുണ ഉറപ്പാക്കിയത് കിഫ്ബിയാണ്. ബാക്കിയുള്ള നാല്കോടി രൂപ എൻ.എച്ച്.എമ്മിൽ നിന്നും ലഭിക്കും.
ആധുനിക സൗകര്യമുള്ള ഏഴുനില കെട്ടിടം
ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് പദ്ധതിയടെ ആദ്യഘട്ടം ആരംഭിച്ചുകഴിഞ്ഞു. ഏഴുനിലകളുള്ള ആശുപത്രി കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ കാഷ്വാലിറ്റി, കാഷ്വാലിറ്റി വെയിറ്റിംഗ് ആന്റ് എം.ആർ.ഐ വെയിറ്റിംഗ്, രജിസ്ട്രേഷൻ, ട്രിയേജ്, ട്രോമ ഐ.സി.യു, മൈനർ ഓപ്പറേഷൻ തിയ്യേറ്റർ, ഇൻജക്ഷൻ റൂം, ഇ.സി.ജി, എം.ആർ.ഐ സ്കാൻ, സി.ടി. സ്കാൻ, എക്സ്റേ റൂം എന്നിവയാണ് സജ്ജീകരിക്കുക.
ഒന്നാം നിലയിൽ വിവിധ വിഭാഗങ്ങളുടെ കൺസൾട്ടേഷൻ റൂമുകൾ, ഓഡിയോളജിസ്റ്റ് റൂം, ടി.ബി ടെസ്റ്റിംഗ് റൂം, വാക്സിൻ സ്റ്റോറേജ്, സൂപ്രണ്ട്ഓഫീസ്, കോൾഡ് ചെയിൻ റൂം എന്നിവയുണ്ടാകും.
രണ്ടാം നിലയിൽ ബ്ലഡ് ബാങ്ക്, ഡയലിസിസ് യൂണിറ്റ് എന്നിവയും മറ്റ് നിലകളിൽ പീഡിയാട്രിക് വാർഡ്,ജനറൽ വാർഡ് വനിത, സർജിക്കൽ ഐ.സി.യു, ഐസൊലേഷൻ വാർഡ്, ഓപ്പറേഷൻ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, ഓപ്പറേഷൻ തിയ്യേറ്റർകോംപ്ലക്സ്, അനസ്തേഷ്യറൂം എന്നിവയുണ്ടാകും.
കുട്ടികൾക്കും വനിതകൾക്കും പ്രത്യേകം ആശുപത്രി
എൻ.എച്ച്.എമ്മിന്റെ നാലുകോടി ഉപയോഗിച്ച് കുട്ടികൾക്കും വനിതകൾക്കും മാത്രമായി പ്രത്യേക ആശപത്രി നിർമ്മിക്കും. രണ്ടു നിലകളുള്ള കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കും. പാലക്കാട് ജില്ലാ ആശുപത്രിയിൽ മാത്രമാണ് നിലവിൽ വനിതാ ശിശു ആശുപത്രിയുള്ളത്.
അതിർത്തി പ്രദേശവും കാർഷിക മേഖലയായ ചിറ്റൂരിൽ അന്നന്നത്തെ വരുമാനംകൊണ്ട് ജീവിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. അസുഖങ്ങൾ വന്നാൽ ചികിത്സാ സൗകര്യങ്ങളുടെ അഭാവംമൂലം രോഗികളെ പാലക്കാട് ജില്ലാ ആശപത്രിയിലേക്കോ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കോയമ്പത്തൂരിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയായിരുന്നു. തമിഴ്നാട്ടിലെ ആശുപത്രികളിൽ ചികിത്സതേടിപ്പോകുന്നവർക്ക് പിന്നീട് ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ടായിട്ടുള്ള അനുഭവങ്ങൾ നിരവധിയാണ്. ആന്തരിക അവയവങ്ങൾ പോലും കവർന്നെടുക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. താലൂക്ക് ആശുപത്രി നവീകരണം പൂർത്തിയാകുന്നതോടെ ഈ ആരോഗ്യ ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകും. സാധാരണക്കാരായ ജനങ്ങൾക്കും മികച്ച ചികിത്സ സൗജന്യവും കാലതാമസമില്ലാതെയും ലഭ്യമാകുമെന്ന് പ്രത്യാശിക്കാം.