
പട്ടാമ്പി: ഇ.എം.എസിനെ നിയമസഭയിലേക്കെത്തിച്ച മണ്ഡലമെന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്ന വള്ളുവനാട്ടിലെ നിളയോര മണ്ഡലമാണ് പട്ടാമ്പി. ഇടതു-വലത് മുന്നണികളെ മാറിമാറിപ്പുണരുന്ന മണ്ഡലത്തിൽ ഇത്തവണയും ഇരുകൂട്ടരും യുദ്ധകാഹളം മുഴക്കി പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞു.
സിറ്റിംഗ് എം.എൽ.എ സി.പി.ഐ.യിലെ മുഹമ്മദ് മുഹ്സിൻ രണ്ടാമങ്കത്തിൽ നേരത്തെ അനൗദ്യോഗിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം തുടരുകയാണ്. മണ്ഡലം പിടിക്കാൻ പരിചയ സമ്പത്ത് ഘടകമാക്കിയാൽ മുതിർന്ന നേതാവ് സി.പി.മുഹമ്മദിന് സാദ്ധ്യതയുണ്ട്. ജില്ലയിൽ ഒരു വനിതയ്ക്ക് അവസരം നൽകിയാൽ സി.സംഗീതയ്ക്ക് നറുക്ക് വീഴും. യുവരക്തങ്ങൾ പടപൊരുതട്ടെയെന്ന് നിശ്ചയിച്ചാൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബുവോ ഒരു പക്ഷേ, ഷാഫി പറമ്പിൽ തന്നെയോ കളത്തിലിറങ്ങിയേക്കാം. പാലക്കാട് വിട്ടൊരു മത്സരത്തിന് ഷാഫിക്ക് വലിയ താല്പര്യമില്ല.
ബി.ജെ.പിയെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന മണ്ഡലമല്ല പട്ടാമ്പി. വോട്ടു വർദ്ധിപ്പിച്ച് സ്വാധീനശക്തി തെളിയിക്കണമെന്നതാണ് മുന്നിലെ വെല്ലുവിളി.
ചരിത്രം
1957ൽ രൂപീകൃതമായ മണ്ഡലം ഇന്ന് നഗരസഭയും കൊപ്പം, കുലുക്കല്ലൂർ, വല്ലപ്പുഴ, വിളയൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളും ചേർന്നതാണ്. 1965 വരെ സി.പി.ഐ നേതാവ് ഇ.പി.ഗോപാലനാണ് ആദ്യമായി പ്രതിനിധീകരിച്ചത്. 1967 മുതൽ 1977 വരെ മൂന്നുതവണ ഇ.എം.എസ്. 1977-80ൽ വീണ്ടും ഗോപാലൻ.
1980ൽ കോൺഗ്രസിലെ എം.പി.ഗംഗാധരനിലൂടെ ആദ്യമായി ചെങ്കൊടി താഴ്ന്നു. രണ്ടുവർഷത്തിന് ശേഷം 1982ൽ സി.പി.ഐയിലെ കെ.ഇ.ഇസ്മയിൽ തിരിച്ചടിച്ചു. 1987ൽ കോൺഗ്രസിലെ ലീലാ ദാമോദരന് മുന്നിൽ ഇസ്മയിൽ അടിയറവ് പറഞ്ഞു.
1991ലും 1996ലും ഇസ്മയിൽ പ്രതിനിധീകരിച്ചു. 2001-16 കാലത്ത് കോൺഗ്രസിലെ സി.പി.മുഹമ്മദ് ഹാട്രിക്ക് തികച്ചു. 2016ൽ സി.പി.ഐയുടെ യുവരക്തവും ജെ.എൻ.യു നേതാവുമായിരുന്ന മുഹമ്മദ് മുഹ്സിന് മുന്നിൽ മുഹമ്മദിന് അടിതെറ്റി.
ആർക്കൊപ്പം
59 വർഷത്തിനിടെ നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ പത്തുതവണ ഇടതിനെയും അഞ്ചുതവണ വലതിനെയും അനുകൂലിച്ചു. മുസ്ലിം ന്യൂനപക്ഷം സ്വാധീന ശക്തിയാണ്. 2016ൽ 7404 വോട്ടിന്രെ ഭൂരിപക്ഷത്തിലാണ് മുഹ്സിൻ നിയമസഭയിലെത്തിയത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 17,000ത്തിലേറെ വി.കെ.ശ്രീകണ്ഠൻ നേടി. പാലക്കാട് ലോക്‌സഭാ മണ്ഡലം പിടിക്കാൻ മണ്ണാർക്കാടിനൊപ്പം യു.ഡി.എഫിനെ ഏറെ സഹായിച്ചത് പട്ടാമ്പിയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ചുവന്നുതുടുത്തു. പട്ടാമ്പി നഗരസഭ കൂടി ഇടതുമുന്നണി പിടിച്ചടക്കി. കോൺഗ്രസിലെ പിടിവലിയിൽ പിളർന്നുണ്ടായ സ്വതന്ത്ര മുന്നണി നിർണായക ഘടകമായി. ഏഴ് പഞ്ചായത്തിൽ തിരുവേഗപ്പുറ മാത്രമാണ് യു.ഡി.എഫിനുള്ളത്. കോൺഗ്രസിലെ അസ്വാരസ്വം തീർന്നില്ലെങ്കിൽ ഒരു പക്ഷേ, വികസനം മുൻനിറുത്തിയുള്ള പ്രചരണത്തിലൂടെ മുഹ്സിന് കാര്യങ്ങൾ അനായാസമായി മാറും.