 
കൊല്ലങ്കോട്: മുതലമട 11-ാം വാർഡായ പറമ്പിക്കുളത്തേക്ക് തമിഴ്നാടിനെ ആശ്രയിക്കാതെ കേരളത്തിലൂടെ വനപാത എന്ന സ്വപ്ന പദ്ധതിക്ക് സാങ്കേതികാനുമതിയായി. ചെമ്മണാമ്പതി മലയടിവാരം മുതൽ വെള്ളക്കൽതിട്ട് മുടിവായ് വരെയുള്ള വനപാതയ്ക്കാണ് അനുമതിയായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പേ വിവിധ വകുപ്പുകളിൽ നിന്നും ഭരണാനുമതി വാങ്ങിയിരുന്നു.
3.325 കി.മീ മൂന്നുമീറ്റർ വീതിയിൽ പാത നിർമ്മിക്കാൻ വനാവകാശ നിയമത്തിലെ വികസനാവകാശത്തിൽ ഉൾപ്പെടുത്തി 0.9975 ഹെക്ടർ ഭൂമി വനം വകുപ്പ് അനുവദിച്ചു. നിർമ്മാണച്ചുമതലയും ഭൂമിയുടെ യൂസർ ഏജൻസിയും മുതലമട പഞ്ചായത്തിനാണ്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിക്കാണ് നടപ്പിലാക്കാനും പൂർത്തീകരിക്കാനുള്ള ചുമതല.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 21.40 ലക്ഷം ചിലവഴിച്ചാണ് നിർമ്മാണം. ഇതിലൂടെ ഊരുവാസികൾക്ക് തൊഴിൽ ദിനങ്ങളും ലഭ്യമാകും.
ദൂരം 60ൽ നിന്ന് ആറിലേക്ക്...
പറമ്പിക്കുളം, തേക്കടി, അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവമ്പാടി കോളനിവാസികൾക്ക് 1000 രൂപയോളം വാടക നൽകി ജീപ്പിനാണ് വിവിധാവശ്യങ്ങൾക്ക് കീരപ്പാടി വഴി സേത്തുമടയിൽ എത്തിയിരുന്നത്. വനപാത വന്നാൽ 60കി.മീ.ക്ക് പകരം 6 കി.മീറ്ററർ താണ്ടി തേക്കടിയിൽ നിന്ന് ചെമ്മണാമ്പതിയിലെത്താം. ഇത് ഒരുപരിധി വരെ യാത്രാ ദുരിതത്തിൽ നിന്ന് മോചനം നൽകും.
വനപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ ആദിവാസികൾ സമരം നടത്തിയിരുന്നു. വനത്തിലൂടെ പാതവെട്ടിയായിരുന്നു സമരം. തുടർന്ന് ജനപ്രതിനിധികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചർച്ച നടത്തിയാണ് വനപാത നിർമ്മിച്ച് നൽകാൻ ധാരണയായത്.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതോടെയാണ് പറമ്പിക്കുളത്തേക്ക് വനപാത എന്ന ആദിവാസികളുടെ ചിരകാലാഭിലാഷം ഇത്ര പെട്ടന്ന് സാദ്ധ്യമായത്. ഇന്ന് നിർമ്മാണം തുടങ്ങുന്ന സ്ഥലത്തെത്തി ആദിവാസികളെ നേരിട്ട് കണ്ട് പ്രവർത്തനം വിലയിരുത്തും.
-കെ.ബാബു എം.എൽ.എ.