
ഷൊർണൂർ അടക്കമുള്ള മണ്ഡലങ്ങൾ ഇ.ശ്രീധരനായി പരിഗണിക്കുന്നു
ഒറ്റപ്പാലം: രാജ്യത്തിന്റെ 'മെട്രോമാൻ" ഇ.ശ്രീധരന്റെ ബി.ജെ.പി.യിലേക്കുള്ള കാൽവെയ്പ് അവിചാരിതവും അപ്രതീക്ഷിതവുമായി. നിളാതീരത്തെ കറുകപുത്തൂർ ഗ്രാമത്തിലെ വസതിയിൽ ഭക്തിയും നാമജപവും വിശ്രമവുമായി കഴിയാനാണിഷ്ടമെന്ന് പറഞ്ഞ് തിരക്കുകളിൽ നിന്നകന്ന ശ്രീധരൻ ഏവരെയും അതിശയിപ്പിച്ചാണ് പൊടുന്നനെ രാഷ്ട്രീയം തിരഞ്ഞെടുത്തത്. അതും കേരളത്തിലെ ഇടതു-വലത് മുന്നണികളെ വെട്ടിലാക്കി മൂന്നാം മുന്നണിയായ എൻ.ഡി.എ.യോടൊപ്പമെന്നതും പ്രത്യേകതയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, മോഹൻ ഭഗവത് മുതലായ ഉന്നതരുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധം നിർണായക ഘട്ടത്തിൽ ബി.ജെ.പി.യും, ആർ.എസ്.എസും കേരളത്തിലെ മുന്നേറ്റത്തിനായി ഉപയോഗപ്പെടുത്തി എന്നതിന്റെ തെളിവ് കൂടിയാണ് ഈ രാഷ്ട്രീയ പ്രവേശനം. പൊതുസമ്മതരെ പാർട്ടിയോട് അടുപ്പിക്കണമെന്ന മോഡിയുടെ ആഹ്വാനം ശ്രീധരനിലൂടെ ഭംഗിയായി നിർവഹിക്കുകയാണ് കേരള ഘടകം. സെൻകുമാർ, ജേക്കബ് തോമസ് തുടങ്ങിയ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും ഇപ്രാവശ്യം ബി.ജെ.പി.ക്കായി കളത്തിലിറങ്ങും.
റെയിൽവെ നഗരമായ ഷൊർണൂർ അടക്കം പല മണ്ഡലങ്ങളും ശ്രീധരനായി പരിഗണിക്കുന്നുണ്ട്. പാലക്കാട്, തിരുവനന്തപുരം, ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റിൽ ശ്രീധരനെ മത്സരിപ്പിക്കുമെന്ന നിഗമനത്തിലാണ് പാർട്ടി പ്രവർത്തകർ. ബി.ജെ.പി.ക്ക് വലിയ സ്വാധീനമില്ലെങ്കിലും വൈകാരികമായി എറണാകുളത്തോടും ശ്രീധരന് പ്രത്യേക താല്പര്യമുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപനത്തോടെ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.