 
പാലക്കാട്: വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും സൗകര്യപ്രദമായി നൂറടി റോഡിൽ സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നു. ജില്ലയിലെ ഏക സൈക്കിൾ ട്രാക്കാണിത്. ഇതോടൊപ്പം സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേരെത്തുന്ന മലമ്പുഴ റോഡിലെ നടപ്പാത നിർമ്മാണം ഉൾപ്പെടെയുള്ള പ്രവർത്തികളും ആരംഭിച്ചിട്ടുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആറരകോടി ചിലവഴിച്ചാണ് നിർമ്മാണം.
വിക്ടോറിയ കോളേജ് മുതൽ മാട്ടുമന്ത ജംഗ്ഷൻ വരെയാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുക. വ്യായാമത്തിനായി നിരവധി പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. കൂടാതെ കായിക താരങ്ങൾ പരിശീലനത്തിനായും വരുന്നുണ്ട്. വാഹനത്തിരക്ക് ഏറെയുള്ള ഇവിടെ റോഡ് വീതികൂട്ടലും ഇതോടൊപ്പം നടക്കും.
ട്രാക്ക് 2.3 മീറ്ററിൽ
2.3 മീറ്ററിൽ സൈക്കിൾ ട്രാക്കും 2.1 മീറ്ററിൽ നടപ്പാതയുമാണ് നിർമ്മിക്കുക. ഒരേ സമയം ട്രാക്കിലൂടെ മൂന്ന് സൈക്കിളുകൾക്ക് സഞ്ചരിക്കാം. ട്രാക്കിനും റോഡിലും മദ്ധ്യത്തിൽ ഇരിപ്പിടങ്ങളും നിർമ്മിക്കും. മേയ് അവസാനത്തോടെ പദ്ധതി പൂർത്തിയാക്കും. -സ്മിത, എ.ഇ, നഗരസഭ.