
പാലക്കാട്: ചൂട് കൂടിയതോടെ ജില്ലയിൽ തീയണയ്ക്കാൻ അഗ്നിശമന സേന നെട്ടോട്ടമോടുന്നു. ഇന്നലെ സ്റ്റേഡിയം ബൈപ്പാസ് റോഡിലുണ്ടായതുൾപ്പെടെ നഗരപരിധിയിൽ മാത്രം 125 തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ 24 ഇൻസിഡന്റ് കോളുകളും വന്നതായി അഗ്നിശമന സേന പറഞ്ഞു. ഇനി വേനൽ കഴിയുന്നതുവരെ ജീവനക്കാർക്ക് അപകടങ്ങളുടെ പുറകെയുള്ള പരക്കം പാച്ചിലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇത്തരം അപകടങ്ങൾ കൂടാൻ സാദ്ധ്യതയേറെയാണ്. അശ്രദ്ധയാണ് മിക്ക തീപിടിത്തങ്ങൾക്കും കാരണമെന്ന് അധികൃതർ പറയുന്നു. പാതയോരത്തും പറമ്പുകളിലും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതാണ് പ്രധാനമായും വില്ലനാകുന്നത്.
തീയണയ്ക്കാൻ എവിടെ വെള്ളം...
ചൂടിന്റെ കാഠിന്യ കൂടുന്നതിനനുസരിച്ച് ഫയർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നതും വലിയ വെല്ലുവിളിയാണ്. നിലവിൽ വെള്ളം നിറയ്ക്കുന്നത് കനാൽ വഴിയാണ്. മലമ്പുഴയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വേനൽ കടുക്കുന്നതോടെ ജലലഭ്യത കുറയും. പിന്നെ ടാങ്കറുകൾ നിറയ്ക്കാൻ ഏറെ അലയേണ്ടി വരും.
ശ്രദ്ധിക്കണേ...
വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കരുത്.
സ്ഥാപനങ്ങൾക്ക് ചുറ്റും ഫയർലൈൻ ഒരുക്കുക.
തീയണയ്ക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുക.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
പറമ്പുകളിലെ ഉണങ്ങിയ പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
ചപ്പുചവറുകൾ കത്തിക്കുമ്പോൾ തീയണയ്ക്കാതെ പരിസരത്ത് നിന്ന് മാറരുത്.
രാത്രിയിൽ തീയിടാതിരിക്കുക.