fire-pkd

പാലക്കാട്: സ്റ്റേഡിയം ബൈപ്പാസിൽ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മൂന്നുനിലകളുള്ള രണ്ടുഹോട്ടലുകളിൽ വൻ തീപിടിത്തം. മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള നൂർജഹാൻ ഗ്രൂപ്പിന്റെ ഓപ്പൺ ഗ്രിൽ, അബ്ദുൾ റഹ്മാന്റെ അറേബ്യൻ ഗ്രിൽ ഹോട്ടലുകൾക്കാണ് ഇന്നലെ രാവിലെ 11.30ന് തീപിടിച്ചത്. ഓപ്പൺ ഗ്രിൽ ഹോട്ടൽ പൂർണമായും കത്തിനശിച്ചു.

ഓപ്പൺ ഗ്രില്ലിന്റെ ജനറേറ്ററിനോട് ചേർന്ന ഭാഗത്തെ പ്രധാന സ്വിച്ച് ബോർഡിന് സമീപമാണ് ആദ്യം തീപടർന്നത്. ജീവനക്കാർ പുറത്തേക്കോടി രക്ഷപെട്ടു. തുടർന്ന് സമീപത്തെ അറേബ്യൻ ഗ്രില്ലിലേക്കും തീ ആളിപ്പടർന്നു. ഉച്ചയ്ക്ക് ശേഷം തുറക്കുന്നതിനാൽ പാചകക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

നിമിഷങ്ങൾക്കകം പാലക്കാട് അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ, കഞ്ചിക്കോട് സ്റ്റേഷനുകളിൽ നിന്ന് ഓരോ യൂണിറ്റും സ്ഥലത്തെത്തി. അടുക്കളകളിൽ നിന്ന് എട്ട് ഗ്യാസ് സിലിണ്ടറുകൾ മാറ്റിയത് വൻദുരന്തം ഒഴിവാക്കി. രണ്ടര മണിക്കൂർ പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് രണ്ടോടെ തീയണച്ചു. പൊലീസെത്തി ബൈപ്പാസിലെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.