f
പാലക്കാട് സ്റ്റേഡിയം ബൈപ്പാസിലെ തീപിടിത്തത്തിൽ കത്തിനശിച്ച ഹോട്ടൽ കെട്ടിടം

പാലക്കാട്: ഇന്നലെ ഉച്ചയോടെ സ്റ്റേഡിയം ബൈപ്പാസ് റോഡിലെ ഹോട്ടലുകളിലുണ്ടായ തീപിടിത്തത്തിൽ നഗരം നടുങ്ങി. വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഹോട്ടലിൽ നിന്നുയർന്ന പുകയോടൊപ്പം രൂക്ഷമായ ഗന്ധം പടർന്നതോടെ പ്രദേശം ഏറെ നേരം മുൾമുനയിലായി.

ഹോട്ടലുകൾ കത്തിയതറിഞ്ഞതോടെ ആളുകൾ സംഭവ സ്ഥലത്തേക്ക് പാഞ്ഞു. അപ്പോഴേക്കും അഗ്നിശമന സേനയെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. ഹോട്ടലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചതോടെ ഭീതിയകന്നു. തീ കത്തി നിമിഷങ്ങകൾക്കകം ജീവനക്കാർ പുറത്തേക്കോടി രക്ഷപ്പെട്ടു. മിനിറ്റുകൾക്കകം മൂന്നുനിലകളും അഗ്നിവലയമായത് കണ്ടപ്പോളാണ് ദുരന്തത്തിന്റെ ആഴം ജീവനക്കാർക്ക് മനസിലായത്. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലായിരുന്നു പലരും.
അപകടമുണ്ടായതോടെ സ്റ്റേഡിയം ബൈപ്പാസിലെ ഗതാഗതം നിറുത്തിവച്ചു. വാഹനങ്ങളെ തിരിച്ചുവിടാനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് ഏറെ ബുദ്ധിമുട്ടി.
സാധാരണ ഉച്ചയ്ക്കാണ് ഹോട്ടലുകൾ രണ്ടും തുറക്കുന്നത്. ഈ സമയങ്ങളിൽ നല്ല തിരക്കാണനുഭവപ്പെടുക. അപകടമുണ്ടായത് ആൾത്തിരക്കില്ലാത്ത സമയമായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതായി ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. അടുക്കള ഭാഗത്തെ ഗ്യാസ് സിലിണ്ടറുകളിൽ രണ്ടെണ്ണം പൊട്ടി. മറ്റു സിലിണ്ടറുകളിലേക്ക് പടരുന്നതിന് മുമ്പ് തീ അണക്കാനായതിന് ആശ്വാസമായി.