 
ഒറ്റപ്പാലം: ഒരു നൂറ്റാണ്ടിലെ വള്ളുവനാടിന്റെ ചരിത്രം ചുമർ ചിത്രമായി തെളിഞ്ഞ് വന്നപ്പോൾ ഒറ്റപ്പാലം റെയിൽവെ സ്റ്റേഷന് അത് പുതുമോടിയായി മാറി. പാലപ്പുറം തെക്കേടത്ത് അമ്പിളിയും സുഹൃത്ത് ടി.എസ്.സാനുവുമാണ് മ്യൂറൽ പെയിന്റിങ്ങിലൂടെ ചരിത്രത്തിന് ചിത്രഭംഗി പകർന്ന് ചുമരിൽ വരച്ചിട്ടത്. 1921 മുതൽ 2021 വരെയുള്ള നാടിന്റെ ചരിത്രം, കല, സംസ്കാരം, സംഗീതം, സാഹിത്യം എന്നിവയൊക്കെ 117 വർഷം പഴക്കമുള്ള റെയിൽവെ സ്റ്റേഷന്റെ ചുമരിൽ കാണാം.
ഒറ്റപ്പാലം രാജ്യത്തിന് നൽകിയ സ്വാതന്ത്ര്യസമര സേനാനികൾ, ദേശീയ നേതാക്കൾ, കവികൾ, സംഗീതജ്ഞർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയ മഹാരഥന്മാരുടെ മുഖം ചുമരിൽ തെളിഞ്ഞിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ, ചെമ്പൈ, മാണി മാധവചാക്യാർ പി.കുഞ്ഞിരാമൻ, കെ.പി.എസ്.മേനോൻ, വി.പി.മേനോൻ, കെ.ആർ.നാരായണൻ എന്നിങ്ങനെ നീളുന്നു ഈ നിര.
റെയിൽവേയുടെ പ്രത്യേക അനുമതിയോടെയാണ് ചരിത്രം ആലേഖനം ചെയ്യുന്നത്. മ്യൂറൽ പെയിന്റിംഗിൽ ശ്രദ്ധേയയായ അമ്പിളി ചിനക്കത്തൂർകാവ്, കൊരട്ടി ശ്രീകൃഷ്ണ ക്ഷേത്രം, ഹൂബ്ലി വിമാനത്താവളം എന്നിവിടങ്ങളിൽ ചുമർ ചിത്രമൊരുക്കിയിട്ടുണ്ട്.