photo
ചിരട്ടയിൽ നിർമ്മിച്ച വാദ്യോപകരണങ്ങളുമായി ജയൻ വെള്ളാളൂർ.

ഷൊർണൂർ: അപൂർവ വാദ്യോപകരണങ്ങൾ ചിരട്ടയിൽ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് നാടൻ കലാകാരനായ ജയൻ വെള്ളാളൂർ. കുമരനെല്ലൂർ വെള്ളാളൂർ മണ്ണാരപ്പുരയ്ക്കൽ വീട്ടിൽ രാമന്റെയും ജാനകിയുടെയും മകനായ ജയൻ പാരമ്പര്യ പൂതൻതിറ കലാകാരനാണ്. ഗിന്നസ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ഇദ്ദേഹം ചിരട്ടയിൽ നിർമ്മിച്ച ഏകദാർ, കുടുക്ക വീണ, തുമ്പി എന്നീ സംഗീതോപകരണങ്ങൾ കരകൗശല വസ്തുക്കളിലെ വ്യത്യസ്തത പുലർത്തുന്നു.

ബംഗാളിൽ ശ്രുതി മീട്ടാനുപയോഗിക്കുന്നതാണ് ഏകദാർ. അപൂർവമായി മാത്രം അരങ്ങിലെത്തുന്ന കുടുക്ക വീണയും ചിരട്ടയിൽ വീണക്കമ്പി പ്രത്യേക രീതിയിൽ ചേർത്ത തുമ്പിയും കാഴ്ചയിലും ആസ്വാദനത്തിലും പുതുമ നൽകും. കൂടാതെ പ്ലാവിന്റെ വേരിൽ തീർത്ത തിറരൂപവും മുരുക്കുകൊണ്ടുള്ള പൂതന്റെ മുഖവും കരവിരുതിന്റെ സാക്ഷ്യപത്രമാണ്. ഇവയെല്ലാം മരപ്പണിയുടെ ബാലപാഠം പോലും അറിയാത്തൊരാളുടെ സൃഷ്ടിയാണെന്നത് പറഞ്ഞറിയിക്കണം. ഇവ കൂടാതെ ഉടുക്ക്, ഇടയ്ക, ചെണ്ട എന്നിവയും ജയന്റെ കരവിരുതിൽ പിറന്നു.

കൂടുതൽ ഉപകരണങ്ങൾ ചിരട്ടയിലൊരുക്കി വിസ്മയം തീർക്കാനുള്ള ശ്രമത്തിലാണ് ജയൻ. പ്ളസ് വൺ വിദ്യാർത്ഥിയായ മകൻ അഭിരാം ചിരട്ടയിൽ ഉടുക്ക് നിർമ്മിച്ച് അച്ഛന്റെ പാത പിന്തുടരുകയാണ്.