
പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ബസുകളുമായി കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് എറണാകുളത്ത് നിന്ന് കോയമ്പത്തൂർ ഭാഗത്തേക്ക് പോയ ലോറി ഡിവൈഡറിലിടിച്ച് എതിർ വശത്തേക്ക് ട്രാക്കിലേക്ക് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ നിന്ന് വേറിട്ട കണ്ടെയ്നർ ദേശീയപാതയിൽ മറിഞ്ഞു. ഈ സമയത്ത് പാലക്കാട്ടേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലും ബംഗ്ലൂരുവിൽ നിന്നുള്ള സ്വകാര്യബസിലും കണ്ടെയ്നർ ഇടിച്ചു.
ലോറി മറിയുന്നത് കണ്ട് ഡ്രൈവർമാർ വേഗതകുറച്ച് ബസുകൾ നിറുത്തിയതിനാൽ വൻദുരന്തം ഒഴിവായി. കെ.എസ്.ആർ.ടിസി ബസിന്റെ മുൻവശം കണ്ടെയ്നറിലിടിച്ച് കേടുവന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
നിസാര പരിക്കേറ്റ ലോറി ഡ്രൈവർ കോട്ടയം ആയർക്കുളം സ്വദേശി മനു തോമസിനെ (41) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചിക്കോട് അഗ്നിശമന സേന ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റി. മറ്റൊരു കണ്ടെയ്നർ കൊണ്ടുവന്ന് സാധനങ്ങൾ മാറ്റി ഉച്ചയോടെ ഗതാഗതം പുനഃരാംഭിച്ചു. അതുവരെ സർവീസ് റോഡ് വഴി ഗതാഗതം തിരിച്ചുവിട്ടു.
സീനിയർ ഫയർ ഓഫീസർ വർഗീസ്, ഫയർ ഓഫീസർമാരായ പി.കെ.പ്രദീപ്, കെ.ജി.രാജേഷ് കുമാർ, ഡി.സുഭാഷ്, വി.മുകേഷ്, എം.മിഥുൻ, ഹോം ഗാർഡുമാരായ ആർ.രാമചന്ദ്രൻ, വി.വി.ശിവകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.