
പാലക്കാട്: ജില്ലയിലെ ബഹുനില കെട്ടിടങ്ങളിൽ അഗ്നിശമന സേനയുടെ സുരക്ഷാ മാനദണ്ഡ പരിശോധന ഇന്നുമുതൽ കർശനമാക്കും. കഴിഞ്ഞ ദിവസം സ്റ്റേഡിയം ബൈപാസിലെ ഹോട്ടലുകളിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്.
ചൂടിന്റെ കാഠിന്യം കൂടിവരുന്ന സാഹചര്യത്തിൽ തീപിടിത്ത സാദ്ധ്യതയേറെയാണ്. തീപിടിത്തമുണ്ടായാൽ രക്ഷപെടാനുള്ള എമർജൻസി എക്സിറ്റ്, കെട്ടിടങ്ങളുടെ മുകൾഭാഗം, ഫയർലൈൻ എന്നീ സംവിധാനം പരിശോധിക്കും. സ്ഥിരം അഗ്നിശമന സംവിധാനം പ്രവർത്തനക്ഷമമല്ലാത്ത കെട്ടിടങ്ങളിലെ അപകടം ജീവനക്കാരുടെ സുരക്ഷയെ ബാധിക്കും. റസിഡൻഷ്യൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റോറേജ്, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കും.
കെട്ടിടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മികച്ച അഗ്നിശമന സംവിധാനം സ്ഥാപിക്കുക.
ഇവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
കെട്ടിടത്തിൽ അനധികൃത കൂട്ടിച്ചേർക്കലുകൾ പാടില്ല.
ഓപ്പൺ ടെറസുകൾ കെട്ടിയടച്ച നിലയിലാക്കാതിരിക്കുക.
അടിയന്തിര രക്ഷാമാർഗമായ കോണിപ്പടികളിൽ മാർഗതടസം ഒഴിവാക്കുക.
രക്ഷാപ്രവർത്തന വേളയിൽ അഗ്നിശമന വാഹനങ്ങൾക്ക് എത്താനുള്ള വഴി കണക്കാക്കി കെട്ടിടം നിർമ്മിക്കുക.
ഫയർ എൻ.ഒ.സി ലഭിച്ച കെട്ടിടങ്ങളിലെ അഗ്നിശമന ഉപകരണങ്ങൾ ശരിയായി പരിപാലിക്കാൻ ശ്രദ്ധിക്കുക.
ഓരോ വർഷവും ഫയർ എൻ.ഒ.സി കൃത്യമായി പുതുക്കി സുരക്ഷ ഉറപ്പുവരുത്തുക.
റിപ്പോർട്ട് നൽകും
കെട്ടിടങ്ങളിൽ പൂർണ സുരക്ഷാസംവിധാനമില്ലെന്ന് കണ്ടെത്തിയാൽ നോട്ടീസ് നൽകും. അപകട ഭീഷണിയുള്ള കെട്ടിടങ്ങളെ സംബന്ധിച്ച് ജില്ലാ കളക്ടർ, തദ്ദേശ സ്ഥാപനങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവക്ക് റിപ്പോർട്ട് നൽകും.
-അരുൺ ഭാസ്കർ, ജില്ലാ ഫയർ ഒാഫീസർ.