pooram

മണ്ണാർക്കാട്: കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് ആഘോഷമില്ലാതെ ചടങ്ങുമാത്രമായി മണ്ണാർക്കാട് പൂരത്തിന് തുടക്കമായി. ഇന്നലെ രാത്രി 11ന് പൂരം പുറപ്പാട് നടന്നു. തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ (സജി) നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. പൂരാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.സി.സച്ചിദാനന്ദൻ, ജനറൽ സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
ദിവസവും രാവിലെ ഗണപതിഹോമം, ഉഷഃപൂജ, ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഉച്ചപ്പൂജ,​ ചതുർശ്ശതം, വൈകിട്ട് ദീപാരാധന, നാദസ്വരം, ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഇടയ്ക്ക പ്രദക്ഷിണം,​ അത്താഴപൂജ,​ കളംപാട്ട് എന്നിവ നടക്കും. നാളെ വൈകിട്ട് 5.30ന് കൊടിയേറ്റം നടക്കും. 26ന് ചെറിയാറാട്ട് നടക്കും. 27ന് വലിയാറാട്ടിന് രാവിലെ 8.30ന് ആറാട്ടെഴുന്നള്ളിപ്പ്, കടവിൽ കഞ്ഞിപ്പാർച്ച എന്നിവയുണ്ടാകും. സമൂഹ കഞ്ഞി വിതരണം ഇത്തവണ ഉണ്ടാകില്ല. വൈകിട്ട് ചാക്യാർകൂത്ത്, ഡബിൾ നാദസ്വരം, ഡബിൾ തായമ്പക, കൊമ്പുപറ്റ്, കുഴൽപറ്റ്, രാത്രി 9.30ന് ആറാട്ടെഴുന്നള്ളിപ്പ്, മേളം, കാഴ്ചശീവേലി എന്നിവ നടക്കും.

ചെട്ടിവേല ദിവസമായ 28ന് വൈകിട്ട് നാലിന് യാത്രാബലി, സ്ഥാനീയ ചെട്ടിയന്മാരെ ആനയിക്കൽ, ആറാട്ടെഴുന്നള്ളിപ്പ്, 21 പ്രദക്ഷിണം, കൊടിയിറക്കൽ എന്നിവ നടക്കും.