ele

കൊല്ലങ്കോട്: വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തുമ്പോൾ ത്രികോണ മത്സരത്തിന്റെ എല്ലാ സാദ്ധ്യതയും തെളിയുന്ന ജില്ലയിലെ പ്രധാന മണ്ഡലമായി മാറുകയാണ് നെന്മാറ. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പേ മൂന്ന് മുന്നണികളും മത്സരം കടുപ്പിക്കാനുള്ള ഒരുക്കം പൂർത്തിയാക്കി.

ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നെന്മാറ. ഗ്രാമീണ-കാർഷിക മണ്ഡലത്തിന്റെ കുതിപ്പും കിതപ്പും സംസ്ഥാന-കേന്ദ്ര സർക്കാറുകളുടെ വികസന പ്രവർത്തനവും രണ്ടുപ്രളയത്തിൽ തകർന്നടിഞ്ഞ നെല്ലിയാമ്പതി,​ പറമ്പിക്കുളം പ്രദേശത്തെയും കാർഷിക മേഖലയിലെയും പ്രതിസന്ധികളുമെല്ലാം ചർച്ചയാകും.

കോട്ട നിലനിറുത്തി ഭരണത്തുടർച്ചയ്ക്ക് എൽ.ഡി.എഫും തിരിച്ചടിച്ച് ഭരണത്തിലേറാൻ യു.ഡി.എഫും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ എൻ.ഡി.എ.യും കരുക്കൾ നീക്കുമ്പോൾ ശക്തമായ പോരാട്ടമാകും മണ്ഡലത്തിലുയരുക.


ഇടത് ക്യാമ്പ്
മണ്ഡലത്തിലുടനീളമുള്ള ജനസ്വാധീനവും അംഗീകാരവുമാണ് നിലവിലെ എം.എൽ.എ കെ.ബാബുവിനെ രണ്ടാംതവണയും കളത്തിലിറക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. നെന്മാറയുടെ വികസന നായകനെന്ന് ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത ബാബു പ്രളയകാലത്തടക്കം നടപ്പാക്കിയ പ്രവർത്തനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

കൊല്ലങ്കോട് ഫയര്‍‌ സ്റ്റേഷൻ,​ പോത്തുണ്ടി ഉദ്യാന നവീകരണം,​ കുടിവെള്ള പദ്ധതി,​ മുതലമട കാർഷിക കോളേജ്,​ മാംഗോ ഹബ്, കൊവിഡ് കാലത്ത് മാങ്ങ കർഷകർക്ക് തണലേകിയ സംഭരണം,​ റോഡുകളുടെ നവീകരണം തുടങ്ങിയ വിവിധ വികസന പദ്ധതികൾ നേട്ടമാകുമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ.എൻ.സുരേഷ് ബാബുവിന്റെ പേരും ഉയരുന്നുണ്ട്.

യു.ഡി.എഫ് ക്യാമ്പ്
ഘടക കക്ഷികൾക്ക് നൽകാതെ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള സർവ സന്നാഹങ്ങളുമായാണ് കോൺഗ്രസ് നിലകൊള്ളുന്നത്. ഇത്തവണ ജാതി-മത-ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതമായി വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് മുകളിൽ നിന്നുള്ള നിർദേശം. കെ.പി.സി.സി സെക്രട്ടറി എ.തങ്കപ്പന്റെ പേരാണ് അണിയറയിൽ കേൾക്കുന്നത്.

യുവപ്രാതിനിധ്യം വേണമെന്ന ആശയവും ഉയരുന്നു. കെ.സി.പ്രീത്, യൂത്ത് കോൺഗ്രസ് നേതാവ് സജേഷ് ചന്ദ്രൻ എന്നിവരും പരിഗണിക്കപ്പെടുന്നു. ചിറ്റൂർ കേന്ദ്രീകരിച്ച് കോൺഗ്രസിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട ഗ്രൂപ്പ് വഴക്ക് നെന്മാറ മണ്ഡലത്തിലും പ്രതിഫലനം സൃഷ്ടിക്കുന്നതാണ് മുന്നണിയിലെ തലവേദന.

എൻ.ഡി.എ ക്യാമ്പ്
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും മുതലമട പഞ്ചായത്ത് സ്ഥിരസമിതി അദ്ധ്യക്ഷനുമായ കെ.ജി.പ്രദീപ് കുമാറിനെ കളത്തിലിറക്കാനാണ് നീക്കം. ഒമ്പത് വർഷമായി മണ്ഡലം ഭാരവാഹിത്വം വഹിച്ച് മികച്ച ജനസ്വാധീനമുണ്ടാക്കാൻ കഴിഞ്ഞത് വോട്ടായി മാറിയാൽ വലിയ മുന്നേറ്റമാകും ഫലം. ബി.ഡി.ജെ.എസുമായുള്ള നേരിയ അസ്വാരസ്യം തലവേദനയാണ്. ഇത് രമ്യതയിലായാൽ മുന്നണിയുടെ വോട്ടുനിലയിൽ പ്രതിഫലിക്കും. രണ്ടുതവണ മത്സരിച്ച എൻ.ശിവരാജന് ഇത്തവണ സാദ്ധ്യത കുറവാണ്.