
പാലക്കാട്: ഭരണ തുടർച്ചയ്ക്കായി ഇടതുപക്ഷവും ഭരണമാറ്റം ലക്ഷ്യമിട്ട് യു.ഡി.എഫും മത്സരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വീറുംവാശിയും ഏറെ നിഴലിക്കുന്ന ജില്ലയുടെ പടിഞ്ഞാറൻ മണ്ഡലമാണ് തൃത്താല. തദ്ദേശ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണിയെങ്കിൽ തൃത്താലയിൽ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് കളത്തിലിറങ്ങുന്നത്. വോട്ടുനില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി എൻ.ഡി.എയും കളത്തിലിറങ്ങുന്നു.
1965 മുതൽ ആറുതവണ വീതം ഇടതു-വലതു മുന്നണികളെ വിജയിപ്പിച്ച മണ്ഡലമാണ് തൃത്താല. ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ഡലമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുമ്പോഴും തൃത്താല ആരുടെയും കുത്തകയല്ലെന്നതാണ് വസ്തുത. ഒന്ന് മുറുകെപിടിച്ചാൽ ഇടത്തോട്ടോ വലത്തോട്ടോ വലിച്ചുകെട്ടാമെന്ന് ചുരുക്കം. വാശിയേറിയ രാഷ്ട്രീയ പോരാട്ടം തന്നെയാണ് സംസ്ഥാന തലത്തിൽ തൃത്താലയെ ശ്രദ്ധാകേന്ദ്രമാക്കുന്നതും.
2011ൽ കോൺഗ്രസ് പയറ്റിയ യുവപരീക്ഷണം ഫലം കണ്ട മണ്ഡലങ്ങളിൽ ഒന്നാണിത്. യുവനേതാവായ ബൽറാമിനെ രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് ഒരു പരീക്ഷണ സ്ഥാനാർത്ഥിയായാണ് കോൺഗ്രസ് രംഗത്തിറക്കിയത്. സി.പി.എമ്മിലെ പി.മമ്മിക്കുട്ടിക്കെതിരെ 3438 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബൽറാം തൃത്താല യു.ഡി.എഫിന്റെ കൈകളിലെത്തിച്ചു. 2016ൽ ഭൂരിപക്ഷം 10,547 ലേക്ക് വർദ്ധിപ്പിച്ച അദ്ദേഹം രണ്ടാമതും എം.എൽ.എയായി.
വീണ്ടും മത്സരിക്കാൻ പാർട്ടി അവസരം നൽകിയാൽ തൃത്താല മാത്രമേ തിരഞ്ഞെടുക്കൂവെന്നാണ് ബൽറാമിന്റെ നിലപാട്. അനൗദ്യോഗിക ചർച്ചകളിലും നാളിതുവരെ തൃത്താലയിൽ മറ്റൊരു സ്ഥാനാർത്ഥിയുടെ പേര് ഉയർന്നിട്ടില്ല. സിറ്റിംഗ് എം.എൽ.എമാരെ മറ്റൊരു മണ്ഡലത്തിൽ മത്സരിപ്പിച്ച് കൂടുതൽ സീറ്റ് നേടുകയാണ് ലക്ഷ്യമെന്ന് ജില്ലാ നേതൃത്വം പറയുന്നു. അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാണ്.
കഴിഞ്ഞ രണ്ടുതവണ കൈവിട്ട മണ്ഡലം ഏതുവിധേനയും തിരിച്ചുപിടിക്കണമെന്ന ലക്ഷ്യത്തിലാണ് ഇടതുക്യാമ്പ്. ശക്തനായ ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ആലോചന. സംസ്ഥാന നേതാക്കളായ എം.ബി.രാജേഷിന്റെയും എം.സ്വരാജിന്റെയും പേര് ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും ഇപ്പോൾ ഡി.വൈ.എഫ്.ഐ നേതാവ് രാജേഷ് പട്ടത്തിന്റെ പേരിനാണ് മുൻതൂക്കം.
ചങ്കിടിപ്പ് കൂട്ടുന്ന ഫലങ്ങൾ
ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇരുമുന്നണികളുടെയും ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീർ വൻ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും തൃത്താലയിൽ 8,404 മാത്രമാണ് ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിൽ ആനക്കര, ചാലിശ്ശേരി, പരുതൂർ, പട്ടിത്തറ പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ നാഗലശ്ശേരിയും തിരുമിറ്റക്കോടും തൃത്താലയും ഇടതിനൊപ്പമായിരുന്നു. കപ്പൂർ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കുമ്പോൾ മണ്ഡലത്തിൽ 6,882 വോട്ട് ഇടതുപക്ഷത്തിന് അധികമുണ്ട്.
മണ്ഡല ചരിത്രം
1965 മുതൽ 1970 വരെയും 1980 മുതൽ 2006 വരെയും പട്ടികജാതി സംവരണ മണ്ഡലമായിരുന്നു. 1965ൽ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ഇ.ടി.കുഞ്ഞൻ എം.എൽ.എയായി. 67ൽ വി.ഈച്ചരൻ സ്വതന്ത്രനായി ജയിച്ചു. 1977ൽ കോൺഗ്രസിലെ കെ.ശങ്കരനാരായണൻ ജയിച്ചു. 1991ൽ ഇ.ശങ്കരനിലൂടെ സി.പി.എം തൃത്താല വീണ്ടെടുത്തു. തുടർന്ന് 1996ലും 2001ലും വി.കെ.ചന്ദ്രനും 2006ൽ ടി.പി.കുഞ്ഞുണ്ണിയും മണ്ഡലം നിലനിർത്തി. 2011ൽ ജനറൽ സീറ്റായി.