ctr
കാറ്റുവീഴ്ചയെ തുടർന്ന് കൊഴിഞ്ഞാമ്പാറ സ്രാമ്പിയിൽ മുത്തുകൃഷ്ണ കൗണ്ടറുടെ തോപ്പിലെ തെങ്ങുകൾ മുറിച്ചുമാറ്റിയപ്പോൾ.

ചിറ്റൂർ: വേനൽ ശക്തമായതോടെ മേഖലയിൽ കാറ്റുവീഴ്ച ബാധിച്ച്,​ വളർച്ച മുരടിച്ച് തെങ്ങുകളിലെ നാളകേര ഉല്പാദനം നിലച്ച മട്ടാണ്. വർഷങ്ങളായി തുടരുന്ന രോഗബാധ തടയാൻ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കേരളത്തിലെയും തമിഴ്നാട്ടിലെയും വിദഗ്ദ്ധരെത്തി പരിശോധിച്ചിട്ടും രോഗബാധയെ നിയന്ത്രിക്കാനായില്ല.

വിവിധ തരം കീടനാശിനി തളിച്ചിട്ടും നാടൻ പരീക്ഷണം നടത്തിയിട്ടും രോഗം തടയാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. കിഴക്കൻ മേഖലയിലെ പല തോപ്പുകളിലും രോഗം ബാധിച്ച നൂറുകണക്കിന് തെങ്ങുകൾ മുറിച്ചുമാറ്റി. അഞ്ചുവർഷത്തിനിടെ അരലക്ഷം തെങ്ങുകളാണ് മുറിച്ചുമാറ്റിയത്. ഈ വേനലിൽ താലൂക്കിൽ പതിനായിരക്കണക്കിന് തെങ്ങുകൾ കൂടി മുറിച്ചുമാറ്റേണ്ടി വരുമെന്ന ഗുരുതരാവസ്ഥയാണുള്ളത്.

നാലുലക്ഷം തെങ്ങുകൾ

കോഴിപ്പതി, എരുത്തേമ്പതി, മൂലത്തറ, വലിയവള്ളംപതി വില്ലേജുകളിലാണ് കൂടുതൽ രോഗബാധ. നാലുലക്ഷം തെങ്ങുകൾ ഈ മേഖലയിൽ കൃഷി ചെയ്യുന്നുണ്ട്. കൂടുതൽ വളർച്ചയുള്ള തെങ്ങുകൾ നാളികേരത്തിനും ഇടത്തരം തെങ്ങുകൾ കള്ളുചെത്തിനും ഉപയോഗിക്കുന്നു. ഇളനീരിന് പ്രത്യേകതരം തെങ്ങിൻതൈകൾ നട്ടാണ് കൃഷി. സമതല പ്രദേശമായതിനാൽ തെങ്ങുകൃഷിയെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഇപ്പോൾ മിക്ക കർഷകർക്കും തെങ്ങിൽ നിന്നുളള വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.

ഇല്ല നഷ്ടപരിഹാരം

രോഗം നിയന്ത്രിക്കാൻ കഴിയില്ലെന്നതിനാൽ തെങ്ങുമുറിച്ചു മാറ്റി പുതിയ കൃഷി രീതിയിലേക്ക് തിരിയാനാണ് അധികൃതരുടെ നിർദേശം. മുറിച്ചുമാറ്റുന്ന തെങ്ങുകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യം നടപ്പായിട്ടില്ല. പുതിയ കൃഷിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന ആവശ്യവും അവഗണിക്കപ്പെടുന്നു.

പവർഗ്രിഡ് കമ്പനികൾ പോലും മുറിച്ചുമാറ്റുന്ന തെങ്ങിന് 24,​000 രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. കനാലിന് സ്ഥലം ഏറ്റെടുത്തപ്പോൾ 21,​000 രൂപയ്ക്ക് മുകളിലാണ് നൽകിയത്. കായ് ഫലമുള്ള തെങ്ങുകൾ രോഗബാധയെ തുടർന്ന് കൂട്ടത്തോടെ നശിക്കുമ്പോൾ യാതൊരു ആനുകൂല്യവും ലഭിക്കാത്തതിൽ കർഷകരിൽ പ്രതിഷേധം ശക്തമാണ്.