 
മണ്ണാർക്കാട്: പോത്തോഴിക്കാവ് പറമ്പുള്ളി കുരങ്ങൻചോല ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ. രാവിലെ അഞ്ചിന് ടാപ്പിംഗിന് പോയ പുന്നശ്ശേരി ബാബുവാണ് പുലിയെ നേരിട്ടുകണ്ടത്. ഓടി രക്ഷപ്പെട്ട ബാബു നാട്ടുകാരെ വിവരമറിയിച്ചു. പരിശോധന നടത്തിയ വനം ഉദ്യോഗസ്ഥർ കാൽപ്പാട് കണ്ടെങ്കിലും പുലിയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരാഴ്ച മുമ്പ് സമീപത്തെ അമ്പലവട്ടത്തും പുലിയെ കണ്ടതായി പറയുന്നുണ്ട്.
നഗരത്തിന് ആശങ്ക
സമീപ പഞ്ചായത്തുകളിൽ പുലിഭീതി ഉണ്ടാകുമ്പോഴും ഇതുവരെ നഗരത്തിൽ ഭീഷണി ഉയർന്നിരുന്നില്ല. ഇന്നലെ പുലിയെ കണ്ട പ്രദേശം നഗരസഭ 28-ാം വാർഡിലാണ്. നഗരമദ്ധ്യത്തിൽ നിന്ന് മിനിറ്റുകളുടെ ദൂരമേയുള്ളൂ. അതുകൊണ്ട് തന്നെ നഗരവാസികൾ ഭീതിയോടെയാണ് വിവരം ശ്രവിച്ചത്. ടാപ്പിംഗ് തൊഴിലാളികൾ, രാവിലെ നടക്കാനിറങ്ങുന്നവർ, മറ്റു പ്രഭാത ജോലി ചെയ്യുന്നവർ എന്നിവർ ഇതുമൂലം ആശങ്കയിലാണ്.