
പാലക്കാട്: ജില്ലയിൽ രണ്ടാംവിള കൊയ്ത്തും നെല്ലുസംഭരണവും ആരംഭിച്ചു. പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലാണ് നിലവിൽ സംഭരണം പുരോഗമിക്കുന്നത്. പാലക്കാട്, ആലത്തൂർ, കുഴൽമന്ദം, മാത്തൂർ, കണ്ണമ്പ്ര, പെരുങ്ങോട്ടുകുറിശ്ശി, പുതുക്കോട് എന്നിവിടങ്ങളിലും 20 ശതമാനം കൊയ്ത്ത് പൂർത്തിയായിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ കൊയ്ത്ത് സജീവമാകുന്നതോടെ സംഭരണവും പൂർണതോതിലാകും. ഇതുവരെ 10,000 മെട്രിക് ടൺ നെല്ലുസംഭരിച്ചതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ മില്ലുകാർതന്നെയാണ് രണ്ടാംവിളയ്ക്കും നെല്ലെടുക്കുന്നത്. കരാർ ഒപ്പിട്ട മില്ലുകാർക്ക് കൊയ്ത്ത് സജീവമാകുന്നതിന് അനുസരിച്ച് നെല്ലിടുപ്പിന് പാടശേഖരങ്ങൾ അനുവദിച്ചു നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഒന്നാംവിളയിൽ ആകെ 1.30 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. ഇത് റെക്കോർഡ് സംഭരണമായിരുന്നു. ഈ സീസണിൽ ഉണക്കം കാര്യമായി ബാധിക്കാത്തതിനാൽ ഉദ്പാദനം കൂടുമെന്നാണ് പ്രതീക്ഷ.
 ആലത്തൂരിലെ രണ്ട് വാർഡുകളിലും ചിറ്റൂരിലെ ഒരു വാർഡിലും സംഭരണം ആരംഭിച്ചു. കൊയ്ത്ത് ആരംഭിക്കുന്നതോടൊപ്പം സംഭരണവും പുരോഗമിക്കുന്നതിനാൽ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാവില്ല. കിലോയ്ക്ക് 27.48 രൂപയ്ക്കാണ് നല്ലെടുക്കുന്നത്. കാലതാമസമില്ലാതെ സംഭരണ തുക കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മുകുന്ദകുമാർ, പി.എം.ഒ പാലക്കാട്
 കയറ്റുകൂലിയിൽ തീരുമാനമുണ്ടാകണം
ജില്ലയിലെ പല പ്രദേശങ്ങളിലും കൊയ്ത്ത് ആരംഭിച്ച സാഹചര്യത്തിൽ നെല്ലിന്റെ കയറ്റുകൂലി സംബന്ധിച്ച സർക്കാർ തീരുമാനം ഉടൻ ഉണ്ടാവണമെന്ന് ദേശീയ കർഷക സമാജം ജില്ലാ ഭരണസമിതി യോഗം ആവശ്യപ്പെട്ടു. നെല്ല് സംഭരണം ആരംഭിച്ച ആദ്യകാലങ്ങളിൽ കയറ്റുകൂലി കർഷകരിൽ നിന്ന് ഈടാക്കിയിട്ടില്ലെന്നും ഇടയ്ക്ക് വച്ചാണ് ഈ രീതി വന്നതെന്നും കർഷക പ്രതിനിധികൾ പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുതലാംതോട് മണി, വി.വിജയരാഘവൻ, സി.കെ.രാമദാസ്, ദേവൻ ചെറാപ്പൊറ്റ, കെ.എ.രാമകൃഷ്ണൻ, ദാസ് ചേരിങ്കൽ എന്നിവർ സംസാരിച്ചു.