kala
കുളപ്പുള്ളി കണയം പ്രദേശത്ത് കാളനിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ.

ഷൊർണൂർ: കാർഷിക സംസ്‌കൃതിയുടെ ഭാഗമായി ഭഗവതി ക്ഷേത്രങ്ങളിൽ നടത്തുന്ന അനുഷ്ഠാന കലയാണ് കാളവേല. കന്നുപൂട്ടുന്നതിന് ഉപയോഗിക്കുന്ന കാലികളെയും വിളകളെയും കാത്തരുളുന്ന ദേവിയുടെ പ്രീതിയ്ക്കായി കർഷകർ നടത്തിയിരുന്ന കാണിക്കയായിരുന്നു കാളവേല.

വള്ളുവനാടൻ പശ്ചാത്തലമുള്ള പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ക്ഷേത്രോത്സവങ്ങളിൽ അവിഭാജ്യ ഘടകമായി ഇതുമാറി. ഒരു ദിവസം കാളവേല മാത്രം ആഘോഷിക്കുന്ന ക്ഷേത്രങ്ങൾ ഇന്നുണ്ട്. അത്ര ആകർഷണീയമാണ് കാളക്കോലങ്ങൾക്ക്. കാള നിർമ്മാണം തൊഴിലായി സ്വീകരിച്ചവരും കാളകളി സംഘങ്ങളും ഈ വിധം വളർച്ച നേടി. സംസ്ഥാനത്ത് മുന്നൂറോളം കാള ഉടമകളുണ്ട്. ഇവർക്ക് അറുന്നൂറോളം ഇണക്കാളകളും ആയിരത്തോളം തൊഴിലാളികളുമുണ്ട്. മഴക്കാലമൊഴികെ ഇവർക്ക് സീസണാണ്.

ലോക്ക് ഡൗണിനെ തുടർന്ന് ഈ മേഖല പ്രതിസന്ധിയിലായി. നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുമ്പോഴും ആയിരക്കണക്കിന് പേരുടെ ഉപജീവനമാർഗമായ കാളകളിക്ക് അനുമതിയില്ലാത്തതിൽ നിരാശ ബാക്കിയാണ്. മുരിക്ക് മരം, ഫൈബർ എന്നിവയിൽ മരം, തോൽ, മുള, തുണി, വൈക്കോൽ തുടങ്ങിയ ഉപയോഗിച്ചാണ് കാളരൂപം നിർമ്മിക്കുക. അനുബന്ധ സാമഗ്രികളും നിറക്കൂട്ടുകളും ചേർത്ത് വൈദ്യുതീകരണം നടത്തി മനോഹരമാക്കും.

യഥാസമയം അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ നിക്ഷേപം വിഫലമാകും. ഉത്സവങ്ങൾ ചടങ്ങായി മാറിയതോടെ ഷെഡിൽ കയറ്റിയ കാളരൂപങ്ങൾ അറ്റകുറ്റപ്പണി നടത്താൻ പോലും വരുമാനമില്ലാത്ത അവസ്ഥയാണ്.

വിലക്ക് അനീതി

രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ജാഥകൾക്കും മറ്റും യാതൊരു നിയന്ത്രണവുമില്ലെന്നിരിക്കെ ഉത്സവങ്ങൾക്കും മറ്റു അനുഷ്ഠാന കലകൾക്കും വിലക്ക് തുടരുന്നത് അനീതിയാണ്. പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകിയതിന് മറുപടി പോലുമില്ല. കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തി തൊഴിലെടുക്കാൻ അവസരമൊരുക്കണം.

-കണയം കൃഷ്ണദാസ്, സംസ്ഥാന ജന.സെക്രട്ടറി, കേരള കാള വർക്കേഴ്സ് അസോസിയേഷൻ.